Sorry, you need to enable JavaScript to visit this website.

പുനരധിവാസത്തിന് മേപ്പാടിയില്‍ 35 സെന്റ് സ്ഥലം നല്‍കി നബീസ

കോഴിക്കോട്- മേപ്പാടിയിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലുമടക്കം പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പത്ത് കോടിയുടെ പുനരധിവാസ പദ്ധതിയിലേക്ക് മേപ്പാടിയില്‍ 35 സെന്റ് സ്ഥലം സംഭാവനയായി ലഭിച്ചു. ജമാഅത്തെ ഇസ്്‌ലാമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംവിധാനമാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍.

മേപ്പാടി സ്വദേശി നല്‍കിയ സംഭാവനയെകുറിച്ച് ജമഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷന്‍ ഫേസ് ബുക്കില്‍  കുറിപ്പ് നല്‍കി.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
കഴിഞ്ഞ ദിവസം നിലമ്പൂരിനടുത്ത് ദുരന്തമുണ്ടായ കവളപ്പാറയിലും പാതാറിലും ഇന്ന് മേപ്പാടിയിലെ പുത്തുമലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. ആരുടെയും മനസ്സിനെ പിടിച്ചുലക്കുന്ന കാഴ്ചകളാണ് നേരിട്ടത്. കരളലിയിപ്പിക്കുന്ന അനുഭവങ്ങളാണ് കേള്‍ക്കാനായത്. ദുരിതത്തിന്റെ ആഴക്കടലില്‍ അതിജീവനത്തിനായി തുഴയുന്നവര്‍, ഘനീഭവിച്ചു നില്‍ക്കുന്ന ദു:ഖത്തില്‍ നിന്നും സാന്ത്വനത്തിന്റെ കരയ്ക്കടുക്കുവാന്‍ കൊതിക്കുന്നവര്‍........

ആ മുഖങ്ങളാണ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് വയനാട്ടില്‍ വെച്ച് 10 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അത്രയും തുക എവിടെ നിന്നെത്തുമെന്ന തിട്ടമൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന തീരുമാനം മാത്രമായിരുന്നു അതിന് പിന്നില്‍. കഴിഞ്ഞ കാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസവും സുമനസ്സുകളുടെ പിന്തുണയും പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ സഹായവും മനസ്സിന് കരുത്തേകി.

പ്രതീക്ഷകള്‍ പാഴാവില്ലെന്ന ബോധ്യമാണ് തൊട്ടടുത്ത മണിക്കൂറില്‍ സ്രഷ്ടാവ് സമ്മാനിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയടക്കം ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച സഹോദരന്‍ യൂസുഫ് സാഹിബ് ഭക്ഷണശേഷം മനസിലുള്ളത് തുറന്ന് പറഞ്ഞു. ''ദുരന്തത്തില്‍ പെട്ടവര്‍ക്ക് വീട് വെക്കാന്‍ 35 സെന്റ് സ്ഥലം ഞാന്‍ തരാം. നിലവില്‍ അവര്‍ താമസിച്ചതിനേക്കാള്‍ മികച്ച സ്ഥലമാണ് ''. വീട്ടിലുള്ള ഉമ്മ നബീസയെ വിളിച്ച് വരുത്തി ഭൂമിയുടെ രേഖകളും എന്റെ കയ്യില്‍ തന്നു. '' സ്ഥലം മതിയാകുന്നില്ലെങ്കില്‍ ഇനിയും തരാന്‍ തയാറാണ്. സംഘടിപ്പിക്കാനുമാവും''.

അല്ലാഹുവേ, ഈ മഹദ് കൃത്യം നിര്‍വഹിച്ച ആ കുടുംബത്തെ നീ അനുഗ്രഹിക്കണേ. നാളെ പരലോകത്ത് അര്‍ഹമായ പ്രതിഫലം നല്‍കേണമേ.
ജന്നാതുല്‍ ഫിര്‍ദൗസില്‍ ആ കുടുംബത്തിന് നീ ഇടം നല്‍കേണമേ നാഥാ....

നന്മയുടെ മാര്‍ഗത്തില്‍ കുതിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ് ഈ കുടുംബത്തിന്റെ തീരുമാനം.

ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ: 'ദൈവികസരണിയില്‍ സമ്പത്ത് ചെലവു ചെയ്യുന്നവരുണ്ടല്ലോ,അവരുടെ ധനവ്യയത്തെ ഇപ്രകാരം ഉപമിക്കാവുന്നതാകുന്നു: ഒരു ധാന്യമണി വിതച്ചു. അത് ഏഴു കതിരുകളിട്ടു. ഓരോ കതിരിലും നൂറു മണികള്‍! അല്ലാഹു അവനിച്ഛിക്കുന്നവരുടെ കര്‍മത്തെ ഇവ്വിധം പെരുക്കിക്കൊടുക്കുന്നു. വിശാലഹസ്തനും അഭിജ്ഞനുമല്ലോ അല്ലാഹു.' (2:265)

 

 

Latest News