തിരുവനന്തപുരം- പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ നൽകാൻ കേരള സർക്കാർ തീരുമാനിച്ചു. എഴുപത് ശതമാനത്തിന് മുകളിൽ വീട് തകർന്നവർക്ക് പൂർണ്ണമായും തകർന്നവർക്കും നാലു ലക്ഷം രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവർക്ക് സ്ഥലം വാങ്ങാൻ ആറു ലക്ഷം കൂടി ചേർത്ത് പത്തുലക്ഷം രൂപ നൽകാനും സർക്കാർ തീരുമാനിച്ചു. ദുരന്തബാധിതർക്ക് പതിനഞ്ച് കിലോ അരി സൗജന്യമായി നൽകും. മത്സ്യതൊഴിലാളികൾക്കും ഈ സൗജന്യം അനുവദിക്കും. പ്രളയദുരന്തത്തിൽപെട്ടവർക്ക് പതിനായിരം രൂപ നൽകും. അർഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 95 പേരുടെ മരണം സ്ഥിരീകരിച്ചു. 38 പേരെ കാണാതായി. 35 പേർ പരിക്കേറ്റ് ചികിത്സയിലാണ്. വിവിധ ജില്ലകളിലെ 1243 ദുരിതാശ്വാസ ക്യാമ്പുകളിൽ 68,098 കുടുംബങ്ങളിലെ 2,24,506 പേരുണ്ട്. കാലവർഷക്കെടുതിയിൽ 1057 വീടുകൾ പൂർണമായും 11,142 വീടുകൾ ഭാഗികമായും നശിച്ചു.
ഏറ്റവും കൂടുതൽ പേർ മരിച്ച നിലമ്പൂർ കവളപ്പാറയിൽനിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറ ദുരന്തത്തിൽ മുപ്പത് മൃതദേഹങ്ങൾ കണ്ടെടുക്കാനായി. എന്നാൽ പുത്തുമലയിൽ ഇന്നും ആരെയും കണ്ടെടുക്കാനായില്ല. സൈന്യത്തിന്റെയും എൻ.ഡി.ആർ.എഫിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. കവളപ്പാറയിലും മേപ്പാടിയിലും കണാതായ ആളുകളെ ക്യാമ്പുകളിലും മറ്റും കണ്ടെത്താനാകാത്തതിൽ ഇവർ മണ്ണിനടിയിൽ പെട്ടിരിക്കാനാണ് സാധ്യത.