മിനാ- ദേശ, ഭാഷാ, സംസ്‌കാരങ്ങള്‍ക്കപ്പുറം പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും പങ്കുവെക്കാനും മുന്നിട്ടിറങ്ങണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വനം ചെയ്തു. പ്രപഞ്ച സൃഷ്ടാവിന്റെ ഉത്തമ സൃഷ്ടികളായ മനുഷ്യര്‍ സഹജീവികളോട് സ്‌നേഹത്തിലും സൗഹാര്‍ദത്തിലും സഹവസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.സി.എഫ് നാഷണല്‍ ഹജ് കാരവനില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം നമ്മുടെ നാടിനെ വീണ്ടും പിടിച്ചുലച്ചപ്പോള്‍ സൗഹാര്‍ദത്തിന്റെ ചങ്ങലകള്‍ തീര്‍ക്കാന്‍ നമുക്ക് സാധിച്ചത് കേരളീയ സമൂഹം കാത്തു സൂക്ഷിക്കുന്ന സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പാരമ്പര്യമാണ്. ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ അവജ്ഞയോടെ തള്ളി, നാടിന്റെ പുനര്‍നിര്‍മിതിക്ക് നാം മുന്നിട്ടിറങ്ങണം. വിശുദ്ധ ഹജ് നല്‍കുന്ന സന്ദേശവും പരസ്പര സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും പാഠങ്ങള്‍ തന്നെയാണ്. സഹോദരന്റെ വ്യക്തിത്വവും അഭിമാനവും ഏറെ വിലമതിക്കുന്നതാണ്. അവക്ക് ക്ഷതം സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും നമ്മില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല, പരസ്പരം കൊണ്ടും കൊടുത്തും സൗഹാര്‍ദത്തിന്റെ ഊഷ്മളത നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ പ്രസിഡന്റും ചീഫ് അമീറുമായ സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു, ദഅ്‌വ പ്രസിഡന്റ് മുഹിയുദ്ദീന്‍ സഅദി കൊട്ടുകര ഉദ്ഘാടനം ചെയ്തു. റഷീദ് ഉസ്താദ് റിയാദ്, സുബൈര്‍ സഖാഫി, സിറാജ് കുറ്റിയാടി, അഷ്‌റഫലി, ഹാരിസ് ജൗഹരി, സെയ്ദ് സഖാഫി, സഅദ് അമാനി, സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വാഴവറ്റ, ഹസന്‍ അഹ്‌സനി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.