റിയാദ്- സ്വദേശിവല്‍ക്കരിച്ച മൊബൈല്‍ ഫോണ്‍ മേഖലയില്‍ ഷോപ്പുകള്‍ ആരംഭിക്കാന്‍ 2208 സൗദി യുവാക്കള്‍ക്ക് സാമൂഹിക വികസന ബാങ്ക് വായ്പ നല്‍കി. 2007 മുതല്‍ ഇതുവരെ 2208 മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ തുറക്കാന്‍ സാമൂഹിക വികസന ബാങ്ക് മൊത്തം 26 കോടി റിയാലാണ് വായ്പ നല്‍കിയത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ 579 സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ 77.5 കോടി റിയാലും സാമൂഹിക വികസന ബാങ്ക് വായ്പ നല്‍കി. 2007 മുതല്‍ 206 മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് 45 കോടി റിയാലും 12 വര്‍ഷത്തിനിടെ സ്‌കൂളുകളും നഴ്‌സറികളും അടക്കമുള്ള 373 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 32.5 കോടി റിയാലും വായ്പകള്‍ നല്‍കി.
ചെറുകിട വ്യവസായ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകള്‍ക്ക് 40 ലക്ഷം റിയാല്‍ വരെ വായ്പ നല്‍കുന്ന പദ്ധതിയും ബാങ്ക് ആരംഭിച്ചു. മൂന്നു ലക്ഷം റിയാല്‍ മുതല്‍ 80 ലക്ഷം റിയാല്‍ വരെ ചെലവഴിച്ച് പൂര്‍ത്തിയാക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ അടങ്ങിയ ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകള്‍ക്കാണ് 40 ലക്ഷം റിയാല്‍ വരെ വായ്പ നല്‍കുക.
ചെറുകിട വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ സൗദി പൗരന്മാരെ സഹായിക്കുന്നതിനും സംരംഭകത്വ, ഇന്നൊവേഷന്‍ സംസ്‌കാരം ശക്തമാക്കുന്നതിനും സൗദി യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭകര്‍ക്ക് സാമ്പത്തിക, സാമ്പത്തികേതര സഹായങ്ങള്‍ നല്‍കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇത്തരം പദ്ധതികള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് പരിചയസമ്പന്നരായ വിദഗ്ധര്‍ അടങ്ങിയ സംഘം ആവശ്യമായ മാര്‍ഗ, നിര്‍ദേശങ്ങളും പരിശീലനവും നല്‍കും.
പാരമ്പര്യേതര പദ്ധതികള്‍, പത്തു ലക്ഷം റിയാലില്‍ കുറഞ്ഞ ചെലവുള്ള പദ്ധതികള്‍, അവികസിത പ്രദേശങ്ങളില്‍ ആരംഭിക്കുന്ന പദ്ധതികള്‍, ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം പാലിക്കുന്ന പദ്ധതികള്‍ തുടങ്ങി പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മുന്‍ഗണനാക്രമം അനുസരിച്ചാണ് ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് സാമൂഹിക വികസന ബാങ്ക് വായ്പ അനുവദിക്കുന്നത്.