അബുദാബി- രണ്ട് കുരങ്ങുകളെ വില്‍ക്കാന്‍ ഓണ്‍ലൈനില്‍ പരസ്യം കൊടുത്ത അറബ് പ്രവാസി പുലിവാല് പിടിച്ചു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വലിയ പ്രതിഷേധമാണ് ഇതില്‍ രേഖപ്പെടുത്തിയത്. മാത്രമല്ല, യു.എ.ഇയില്‍ വന്യമൃഗങ്ങളെ വില്‍ക്കുന്നത് ശിക്ഷാര്‍ഹവുമാണ്.
ഒരു സ്വകാര്യ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്്ക്രീന്‍ഷോട്ടെടുത്ത ഒരു വനിത ഒരു മൃഗക്ഷേമ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ മൃഗസ്‌നേഹികള്‍ ഇളകി.
കൂട്ടിലടച്ച രണ്ട് കുരങ്ങുകളുടെ ചിത്രം സഹിതമായിരുന്നു വനിതയുടെ പോസ്റ്റ്. വില്‍പനക്കാരന്റെ മൊബൈല്‍ നമ്പരുമുണ്ടായിരുന്നു. പിന്നീട് അവര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും സന്ദേശം പ്രചരിച്ചുകഴിഞ്ഞിരുന്നു.
തന്റെ സുഹൃത്തിന് വേണ്ടിയാണ് പോസ്റ്റിട്ടതെന്നും വീട്ടില്‍ വളര്‍ത്തുന്ന കുരങ്ങുകള്‍ക്ക് ഓരോന്നിനും 3500 ദിര്‍ഹമാണ് വില പ്രതീക്ഷിക്കുന്നതെന്നും ഫോണില്‍ ബന്ധപ്പെട്ടവരോട് 20 കാരനായ 'പ്രതി' പറഞ്ഞു.