റിയാദ്- റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ റിഫൈനറി, പെട്രോകെമിക്കൽസ് മേഖലയുടെ 20 ശതമാനം ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്ന് സൗദി അറാംകൊ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഖാലിദ് അൽദബ്ബാഗ് അറിയിച്ചു.
ഓഹരികളുടെ എണ്ണം സംബന്ധിച്ച് വ്യവസായ മേഖലകളിൽ പ്രചരിക്കുന്നത് ഊഹോപോഹം മാത്രമാണ്. ഏകദേശം 15 ബില്യൺ ഡോളർ വരുന്ന റിലയൻസ് പെട്രോ കെമിക്കൽസിന്റെ 20 ശതമാനം ഓഹരികൾ വാങ്ങുമെന്ന കാര്യത്തിൽ അന്തിമ തീരുമാനിയിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസുമായുള്ള ചർച്ച പ്രാഥമിക ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ആദ്യ പകുതിയിൽ 4,690 കോടി ഡോളർ അറ്റാദായം നേടിയ സൗദി അറാംകൊ ലോകത്തിലെ ഏറ്റവും കൂടുതൽ ലാഭമുണ്ടാകുന്ന കമ്പനിയാണെന്ന് തെളിയിച്ചതായും ഖാലിദ് അൽദബ്ബാഗ് വ്യക്തമാക്കി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ 20 ശതമാനം ഓഹരികൾ അറാംകോക്ക് വിൽക്കുമെന്ന് കമ്പനി ചെയർമാൻ മുകേഷ് അംബാനി ഇന്നലെ അറിയിച്ചിരുന്നു. റിലയൻസിനു കീഴിലെ ജാംനഗർ റിഫൈനറിയിലേക്ക് പ്രതിദിനം അഞ്ചു ലക്ഷം ബാരൽ തോതിൽ ദീർഘ കാലത്തേക്ക് സൗദി അറാംകൊ എണ്ണ നൽകുമെന്നും മുകേഷ് അംബാനി വെളിപ്പെടുത്തിയിരുന്നു.