മിന- നിയന്ത്രണം വിട്ട ബസ് ഹാജിമാര്‍ക്കിടയില്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മൂന്നു തീര്‍ഥാടകരാണ് മരിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു.
ഉച്ചക്ക് ഒരു മണിയോടെ അസീസിയ മക്ക മാളിനു സമീപമായിരുന്നു അപകടം. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ഈജിപ്തുകാരനുമാണ്. യു.പിയില്‍നിന്നെത്തിയ വാസീഉല്‍ ഹസന്‍, ജാര്‍ഖണ്ഡില്‍നിന്നുള്ള നൂര്‍ജഹാന്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
കൊയിലാണ്ടിയില്‍നിന്ന് ഹജിനെത്തിയ ഇമ്പിച്ചി ആയിശ, കെ.എം.സി.സി വളണ്ടിയര്‍ പെരിന്തല്‍മണ്ണ വേങ്ങൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാല്‍; മരിച്ച നൂര്‍ജഹാന്റെ ഭര്‍ത്താവ് മുനവ്വര്‍ അലി എന്നിവര്‍ക്കാണ് പരിക്ക്. ഒരു സ്വദേശിക്കും പരിക്കുണ്ട്. പരിക്കേറ്റവര്‍ മക്ക അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ മക്ക കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണ്. നടപടിക്രമങ്ങള്‍ക്കു ശേഷം മക്കയില്‍ ഖബറടക്കും.
ഇറക്കം ഇറങ്ങി വന്ന ബസ് നിയന്ത്രണം വിട്ട് ആള്‍കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.
ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിനിടെയാണ് ഇഖ്ബാലിന് പരിക്കേറ്റത്. അപകട ശേഷം ഹാജിമാരെ ആശുപത്രിയിലെത്തിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കുന്നതിനും മലയാളി വളണ്ടിയര്‍മാര്‍ രംഗത്തുണ്ടായിരുന്നു.