Sorry, you need to enable JavaScript to visit this website.

പുത്തുമലയിലെ ചെളിയില്‍ ഒരു ഉപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്; സങ്കട പോസ്റ്റുമായി ബശീര്‍ ഫൈസി

ജിദ്ദ- വയനാട് മേപ്പാടി പുത്തുമലയിലെ ചെളിയില്‍നിന്ന് ഇനിയും കണ്ടെത്താനിരിക്കുന്ന ഒരു ഉപ്പയെ കുറിച്ചുള്ള കുറിപ്പ് ബശീര്‍ ഫൈസി ദേശമംഗലം ഫേസ് ബുക്കില്‍ നല്‍കിയിരിക്കുന്നു.
ഹജിനെത്തിയിരിക്കുന്ന അദ്ദേഹത്തിന് മണത്തല പള്ളിയില്‍ ഓഫീസ് സെക്രട്ടറിയായിരുന്ന ഷെഫീര്‍ എന്ന യുവാവ് അയച്ച ശബ്ദ സന്ദേശത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

പോസ്റ്റ് വായിക്കാം


കണ്ണീരോടെ ഒരപേക്ഷ..


ഇന്ന് രാവിലെ വാട്‌സ്ആപ്പില്‍ ഒരു വോയിസ് സന്ദേശം വന്നു:

'ബശീര്‍ ഫൈസി ഉസ്താദെ,
ഹജ്ജിന്റെ തിരക്കില്‍ ആണ് എന്നറിയാം.
ഞാന്‍ ഷെഫീര്‍ ആണ്.
മണത്തല പള്ളിയില്‍ ഓഫീസ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ട്.
എന്റെ വീട് വയനാട്ടിലെ പുത്തുമലയില്‍ ആണ്.
എന്റെ ഉപ്പ ഹംസ മണ്ണിനടിയില്‍ ആണ്.
വാര്‍ത്തയില്‍ കണ്ടു കാണുമല്ലോ,
എനിക്കെന്റെ ഉപ്പയെ കിട്ടണം.
എന്റെ വീട്ടില്‍ ഉമ്മ സുഖമില്ലാത്ത ഒരു സഹോദരി അടക്കം 4 സഹോദരിമാര്‍
അവരുടെ 4 മക്കള്‍
എന്റെ ഭാര്യ 2 മക്കള്‍ എന്നിവരാണ്ള്ളത്.
വളരെ ദുസ്സഹമായ ജീവിതം ആണ് എന്റേതു.
ഉരുള്‍ പൊട്ടലില്‍
എന്റെ വീടും സ്ഥാലവും എല്ലാം എനിക്ക് നഷ്ടമായി.
അതിലൊന്നും പരിഭവവും പരാതിയും ഇല്ല.
എന്റെ ഉപ്പ മണ്ണിനടിയില്‍ ആണ് ഉസ്താടെ,
ഇതുവരെയുള്ള തിരച്ചിലില്‍ കണ്ടെത്തിയില്ല.
ഞാന്‍ പലരോടും പറഞ്ഞു ദുആ ചെയ്യാന്‍.
ഇന്ന് വീണ്ടും തിരച്ചില്‍ ഉണ്ട്.
എന്റെ ഉപ്പയെ കിട്ടാന്‍ ദുആ ചെയ്യണം..'

ഇതായിരുന്നു ആ വോയിസ്.
കേട്ടിട്ടു ഞാന്‍ തരിച്ചു പോയി.
ഉള്ളില്‍ ആരോ മുള്ള് കൊണ്ട് വലിഞ്ഞു കീറുന്ന പോലെ...
കുത്തിയൊലിച്ചു പോയ വീട്ടില്‍,
പുതഞ്ഞു പോയ ഉപ്പയെ കിട്ടാന്‍ ആ മകന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ്.
ഷെഫീര്‍ എവിടെയും എന്റെ ഉപ്പ മരിച്ചു എന്ന് പറയുന്നില്ല.
പകരം എന്റെ ഉപ്പയെ കിട്ടണം എന്ന്..
ദിവസങ്ങള്‍ പിന്നിട്ടിട്ടും
ഉപ്പ ജീവനോടെ മണ്ണിലെവിടെയോ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്ന ആ കത്തിരിപ്പുണ്ടല്ലോ...
എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല..

എന്താണ് ദുആ ചെയ്യുക..!?
ഉരുള്‍ പൊട്ടി ദിവസങ്ങള്‍ പിന്നിട്ട
ആ ചെളിക്കൂനയില്‍ നിന്ന്
ആ ഉപ്പയെ ജീവനോടെ കിട്ടണം എന്നോ...
അതോ ആ മയ്യിത്ത് എങ്കിലും അവസാന കാഴ്ചക്ക് കണ്ടു കൊടുക്കണം എന്നോ..
അള്ളാഹു ആണ് വലിയവന്‍,
മണ്ണിനടിയില്‍ ജീവന്റെ അവസാന തുടിപ്പെങ്കിലും ബാക്കിയുണ്ടാകാണേമേ
ഇല്ലങ്കില്‍ ആ ജനാസ ആ കുടുംബത്തിന് അവസാനമായി ഒന്ന് കാണാന്‍ നീ വിധികൂട്ടണമേ..
പുത്തുമലയില്‍ വിഖായ അടക്കമുള്ള  മറ്റെല്ലാ സന്നദ്ധ സേവന പ്രവര്‍ത്തകരോടും ഞാന്‍ അപേക്ഷിക്കുന്നു.
നമ്മുടെ ഈ പ്രിയപ്പെട്ട സഹോദരന്റെ നോവുന്ന കാത്തിരിപ്പിന് വിരാമം ഇടാന്‍ നിങ്ങള്‍ സഹായിക്കുമോ..
പരമാവധി ഈ വിവരം അവിടെയുള്ളവരില്‍ എത്തിക്കുക.

ഷെഫീറിന്റെ നമ്പര്‍ ഇതോടൊപ്പം വെക്കുന്നു.
9497833358.
ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ നിരാലംബമാണ്.
വീടും,സ്ഥലവും എല്ലാം ഒലിച്ചു പോയിട്ടുണ്ട്..
നിങ്ങള്‍ അദ്ദേഹത്തെ ഒന്ന് ബന്ധപ്പെട്ടു വീട് നിന്ന സ്ഥലം കാണിച്ചു തന്നാല്‍ അവിടെ ഒന്ന് എന്ത് ത്യാഗം സഹിച്ചും തിരച്ചില്‍ നടത്തേണമേ..
എനിക്കെന്റെ കണ്ണുകള്‍ നിയന്ത്രിക്കാന്‍ ആവുന്നില്ല.
മരണത്തെക്കാള്‍ വേദന ജനകമാണ്,
സ്വന്തം ഉപ്പ മണ്ണില്‍ പുതഞ്ഞു കിടക്കുന്നു എന്ന ഓര്‍മ്മ...
എല്ലാവരും ഈ പോസ്റ്റ് വായിച്ച ഉടന്‍ പ്രാര്‍ത്ഥിക്കേണമേ
ബശീര്‍ ഫൈസി ദേശമംഗലം

 

 

 

Latest News