തിരുവനന്തപുരം- എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കിയാല്‍ വ്യാപാരികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്ന്് മന്ത്രി തോമസ് ഐസക്.
ഉല്‍പന്നങ്ങള്‍ക്ക് എംആര്‍പിയില്‍ അധികം വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ കേസ് അടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കും. ജിഎസ്ടിയില്‍ ഏതെങ്കിലും ഉല്‍പന്നങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ വില ഉയര്‍ന്നിട്ടുണ്ടെങ്കില്‍ വ്യാപാരികള്‍ ഇത് സര്‍ക്കാരിനെ അറിയിക്കണം. ഉത്പാദകരുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും. അവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കും. എംആര്‍പിയില്‍ കൂട്ടി ഒരു സാധനം പോലും വില്‍ക്കാന്‍ ചില്ലറ കച്ചവടക്കാര്‍ക്ക് അവകാശമില്ല. രണ്ടു തവണ പത്ര പരസ്യം ചെയ്തശേഷം മാത്രമേ എംആര്‍പി കൂട്ടാനാകൂ. ലീഗല്‍ മെട്രോളജി, നികുതി വകുപ്പുകള്‍ പരിശോധന്ക്കായി വാങ്ങല്‍ നടത്തും.
തിങ്കളാഴ്ച മുതല്‍ ഇറച്ചിക്കോഴിയുടെ വില കിലോയ്ക്ക് 87 രൂപയായിരിക്കും. അതില്‍ കൂട്ടി വില്‍ക്കാന്‍ അനുവദിക്കില്ല. താന്‍ വിളിച്ച ചര്‍ച്ചയില്‍ കോഴിക്കച്ചവടക്കാര്‍ വില കുറയ്ക്കാനാകില്ലെന്ന നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
കോഴിയിറച്ചി കച്ചവടക്കാരുടെ വാറ്റ് നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്.
ജിഎസ്ടി വരും മുമ്പ് 14.5 ശതമാനം നികുതിയുണ്ടായിരുന്ന കോഴിക്ക് ഇപ്പോള്‍ നികുതിയില്ല. അന്ന് 103 രൂപയുണ്ടായിരുന്ന വില 15 രൂപ കുറച്ച് 87 രൂപയാക്കണം. കോഴിക്കച്ചവടം അന്യ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും ചില കമ്പനികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ കൈയിലാണ്. ഇവരാണു വില നിശ്ചയിക്കുന്നത്. ഇതിനെ വെല്ലുവിളിയായി സര്‍ക്കാര്‍ കാണും. സര്‍ക്കാരിനെ വെല്ലുവിളിച്ചു മുന്നോട്ടുപോകാമെന്നു കരുതേണ്ടതില്ല. ഒരാഴ്ചയെങ്കിലും 87 രൂപയ്ക്കു വിറ്റേ മതിയാകൂ. ബാക്കി കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കാം. കോഴി വില കുറയുന്നതിനനുസരിച്ചു ഹോട്ടലുകളും വില കുറയ്ക്കണമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെപ്‌കോയുടെ ഇറച്ചിക്കോഴി ഉത്പാദനം ഒരു ലക്ഷമായി വര്‍ധിപ്പിക്കും. നിലവില്‍ അത്് 10,000 മാണ്. ഓരോ തദ്ദേശ സ്ഥാപനത്തിലും ആവശ്യമായ കോഴി ഉല്‍പാദിപ്പിക്കാനുള്ള സമഗ്ര പദ്ധതി തയാറാക്കും. ലഭ്യമായ ഹാച്ചറികളില്‍ കോഴിക്കുഞ്ഞും തീറ്റയും നല്‍കി വളര്‍ത്തും.
ടൂത്ത് പേസ്റ്റ് അടക്കമുള്ളവയ്ക്കു നികുതി പകുതിയായി കുറഞ്ഞ സാഹചര്യത്തില്‍ എംആര്‍പിയില്‍ ഈ വ്യത്യാസം വരുത്തി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആന്റി പ്രോഫിറ്റിയറിംഗ് അഥോറിറ്റിക്ക് ഇതു കൈമാറും. ലീഗല്‍ മെട്രോളജി വകുപ്പ് ഇതിനകം വിവിധ നിയമലംഘനങ്ങള്‍ക്കായി 97 കേസുകള്‍ കട പരിശോധിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.