കോട്ടയം- കിഴക്കൻ മലയോരം വീണ്ടും മഴ, ഉരുൾപൊട്ടൽ ഭീതിയിൽ. ഈ മേഖലകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. വരുന്ന രണ്ടു ദിവസം വീണ്ടും മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്നാണിത്. പൂഞ്ഞാർ തെക്കേകര, തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ പേരെയും രാത്രികാലത്ത് ക്യാമ്പുകളിലേക്ക് മാറ്റാനാണ് നീക്കം. 15 വരെ വലിയ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ രാത്രി കാലങ്ങളിൽ സുരക്ഷിതമായ കേന്ദ്രങ്ങളിൽ മാത്രമേ താമസിക്കാവൂ എന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണിത്. ഈ പഞ്ചായത്തുകളിലെല്ലാം ക്യാമ്പ് ക്രമീകരിക്കുകയും ചെയ്തു.
അതിനിടെ വെള്ളപ്പൊക്കത്തിൽ മടവീണ് 250 ഏക്കറിലെ നെൽകൃഷി നശിച്ചു. ഇടവട്ടം പാടശേഖരത്തിലെ 20 ദിവസം പ്രായമായ നെൽച്ചെടികളാണു മടവീഴ്ചയിൽ പൂർണമായി നശിച്ചത്. കർഷകർ കരുതലോടെ കാത്തിരുന്നുവെങ്കിലും ഇന്നലെ രാവിലെ മട തകർന്നു വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. പ്രദേശത്തെ നൂറോളം കർഷകരാണു ഇവിടെ കൃഷിയിറക്കിയിരുന്നത്. സ്വർണം പണയപ്പെടുത്തിയും വായ്പയെടുത്തും ആരംഭിച്ച കൃഷിയാണു പൂർണമായി വെള്ളത്തിലായത്. കഴിഞ്ഞ വർഷം പ്രളയത്തിലെ മേഖലയിലെ കൃഷി പൂർണമായി നശിച്ചിരുന്നു.
അതേസമയം, കല്ലറ, നീണ്ടൂർ മേഖലകളിൽ 3,852 ഏക്കറിലെ നെൽകൃഷി പ്രളയത്തിൽ നശിച്ചുവെന്നാണു കൃഷി വകുപ്പിന്റെ കണക്ക്. കൊയ്ത്തിനു പാകമായത് മുതൽ പാതി വളർച്ചയെത്തിയതു വരെയുള്ള നെൽച്ചെടികളാണു വെള്ളത്തിൽ മുങ്ങിയത്. പെട്ടെന്നു വെള്ളം ഇറങ്ങിയാലും നെൽച്ചെടികൾ പൂർണമായി നശിക്കുമെന്നു കർഷകർ പറയുന്നു.
അതേസമയം കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. കോട്ടയം കുമരകം റൂട്ടിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ കുമരകം, അയ്മനം, തിരുവാർപ്പ് പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കുമരകം റൂട്ടിൽ ഇനിയും ബസ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. മഴ പെയ്തില്ലെങ്കിൽ ഇന്നു മുതൽ വെള്ളം ഇറങ്ങി തുടങ്ങുമെന്നും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. മഴവെള്ളത്തിനൊപ്പമെത്തിയ ഇഴജന്തുക്കൾ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭീതി വിതക്കുന്നുണ്ട്. ഒഴുകിയെത്തുന്ന ഇഴജന്തുക്കൾ വെള്ളം കയറാത്ത വീടുകളിലും മറ്റും അഭയം തേടുന്നത് ആശങ്ക വിതയ്ക്കുന്നു. വെള്ളമിറങ്ങിയാലുണ്ടാകുന്ന പകർച്ചവ്യാധി ഭീഷണിയും ആശങ്ക വർധിപ്പിക്കുന്നു.