കോട്ടയം - പ്രളയം കഴിഞ്ഞവർഷത്തെക്കാളും ഭീതി സൃഷ്ടിക്കുമ്പോൾ ജെംസി മോൾക്ക് ഭയാശങ്കകളില്ല. ചുറ്റുപാടും വെള്ളം കയറുമ്പോഴും ചങ്ങനാശേരിക്കടുത്ത് പനച്ചിക്കാവിലെ ഈ വീട് സുരക്ഷിതമാണ്. വീടിന്റെ ഓരത്ത് വരെ കിഴക്കൻ ജലം എത്തിയിട്ടുണ്ടെന്നത് ശരിയാണ്.
കഴിഞ്ഞ പ്രളയത്തിൽ പൂർണമായും ഒലിച്ചു പോയ വീടിനു പകരം സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച പുതിയ വീട്ടിൽ ജെംസി മോളും കുടുംബവും താമസം തുടങ്ങിയിട്ട് രണ്ടു മാസം തികയുന്നതിന് മുമ്പാണ് അടുത്ത പ്രളയമെത്തിയത്. തൂണുകൾക്കു മുകളിൽ നിർമിച്ച വീടിന്റെ അടിത്തറയിൽനിന്ന് രണ്ടര അടി താഴെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്.
പനയാർ തോടിന്റെ കരയിലുള്ള മൂന്നു സെന്റ് ഭൂമിയിൽ ഭൂരിഭാഗവും ചതുപ്പു നിലമാണ്. ചെറിയ മഴയിൽപോലും തോട് കവിഞ്ഞ് വീടിനുള്ളിൽ വെള്ളം കയറുമായിരുന്നു. വിദഗ്ധരുടെ നിർദേശപ്രകാരം ഒമ്പത് തൂണുകൾ സ്ഥാപിച്ച് അതിനു മുകളിലാണ് പുതിയ വീട് പണിതുയർത്തിയിരിക്കുന്നത്. ജില്ലയിൽ ഇത്തരത്തിൽ നിർമിച്ച ഏക വീടാണിത്.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന എ.സി.സി കട്ടകൾ ഉപയോഗിച്ചാണ് ഭിത്തി നിർമിച്ചിരിക്കുന്നത്. മേൽക്കൂരക്ക് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ അടിഭാഗത്ത് വളർത്തു മൃഗങ്ങൾക്ക് കൂടുകൾ പണിയാനുള്ള സജ്ജീകരണം ഒരുക്കിയിരുന്നു. കോഴിക്കൂട് ഒരുക്കാനുള്ള ശ്രമത്തിനിടയിലാണ് വീണ്ടും വെള്ളമെത്തിയത്. പരിസര പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. ആളുകളെ പൂവം സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപ മേഖലയിൽ ആൾ താമസമില്ലാത്ത സാഹചര്യത്തിൽ ഈ കുടുംബവും തൽകാലത്തേക്ക് ക്യാമ്പിലേക്ക് മാറിരിക്കുകയാണ്. വീടിനെക്കുറിച്ചുളള ആശങ്കയില്ലാതെ.