കൊച്ചി- ദുരിതാശ്വാസ സഹായത്തിന് നേരെ മത-രാഷ്ട്രീയ അന്ധത ബാധിച്ച ചിലർ മുഖം തിരിച്ചപ്പോൾ തന്റെ കടയിലുള്ള തുണികൾ മുഴുവൻ ദുരിതാശ്വാസത്തിന് സംഭാവന നൽകാൻ തയാറായ എറണാകുളം ബ്രോഡ് വെയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ് മലയാളിയുടെയാകെ അഭിമാനമായി. നടൻ മമ്മൂട്ടി മുതൽ മന്ത്രിമാർ വരെ നൗഷാദിനെ പ്രശംസകൾ കൊണ്ട് മൂടി.
പ്രളയക്കെടുതിയിൽ വലയുന്നവർക്ക് സഹായമെത്തിക്കാൻ വസ്ത്ര ശേഖരണത്തിനായി ബ്രോഡ് വെയിലെ കടകളിൽ ഇറങ്ങിയവർ ഒഴിഞ്ഞ കയ്യുമായി മടങ്ങേണ്ടി വരുമെന്ന് തോന്നിയപ്പോഴാണ് വഴിയോരക്കച്ചവടക്കാരനായ നൗഷാദ് സഹായവുമായി എത്തിയത്. നൗഷാദിന്റെ നല്ല മനസ് സമൂഹമാധ്യമത്തിലൂടെ നടൻ രാജേഷ് ശർമ പങ്കുവച്ചതോടെയാണ് നൗഷാദ് കേരളത്തിന്റെ അഭിമാനമായത്. നൗഷാദിന്റെ സഹായം 'ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ' എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്തേറ്റ അടിയായി. ഇതിന് പിന്നാലെ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങളുടെ വരവ് കൂടി. മടിച്ചുനിന്നവർക്ക് നൗഷാദ് മാതൃകയായി. ഇക്കൊല്ലം കൊടുക്കുന്നില്ലെന്ന് പറഞ്ഞവരും ഇപ്പോൾ കൊടുക്കുന്നുണ്ടത്രേ എന്ന ഹാഷ്ടാഗ് വരെ വൈറലാകുകയും ചെയ്തു.
ഇന്നലെ നൗഷാദിനെ തേടിയെത്തിയ കോളുകളിൽ ഒരെണ്ണം നടൻ മമ്മൂട്ടിയുടേത് ആയിരുന്നു. നൗഷാദിന്റെ മകൻ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിച്ചത്. ഫോൺ എടുത്തത് നൗഷാദ് തന്നെയാണ്. മമ്മൂട്ടി നൗഷാദിനെ അഭിനന്ദിച്ചു. നല്ല സന്തോഷമുള്ള കാര്യമാണ് നൗഷാദ് ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞു. 'കടയിലുള്ള സാധനങ്ങളൊക്കെ എടുത്തു കൊടുത്തൂവെന്ന് കേട്ടു. നല്ല സന്തോഷമായ കാര്യമാണ് ചെയ്തത്. നല്ലൊരു ദിവസമായിട്ട് റാഹത്തായ കാര്യങ്ങൾ ചെയ്യുക. അതിന് പടച്ചോൻ അനുഗ്രഹിക്കട്ടെ. ഞങ്ങൾക്കാർക്കും തോന്നാത്ത ഒരു കാര്യമാണ് ചെയ്തത്. വല്യേ കാര്യമാണ്. നന്നായി വരട്ടെ. ഈദ് മുബാറക്ക്. ദൈവം അനുഗ്രഹിക്കട്ടെ' എന്ന് പറഞ്ഞ മമ്മൂട്ടി നൗഷാദിന് ഈദ് ആശംസകൾ കൂടി നേർന്നാണ് ഫോൺ വച്ചത്. അല്ലാഹുവിനെ മുൻനിർത്തിയാണ് താൻ ഇക്കാര്യം ചെയ്തതെന്നും അത് വൈറലായി പോയെന്നും നൗഷാദ് മമ്മൂട്ടിയോട് പറഞ്ഞു.
നൗഷാദിനെ പ്രശംസിച്ച് നടൻ സിദ്ദീഖ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നുവെന്നാണ് സിദ്ദീഖിന്റെ കുറിപ്പ്. ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വെക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു. സ്‌നേഹം, നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും- സിദ്ദീഖ് കുറിച്ചു. നടൻ ജയസൂര്യയും നൗഷാദിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
ഒറ്റ ദിവസം കൊണ്ട് താരമായി മാറിയ വാപ്പയെ കാണാൻ നേരിട്ടെത്തിയ മകൾ ഫർസാന നൗഷാദുമായി ഫേസ്ബുക്ക് ലൈവിൽ എത്തുകയും ചെയ്തു. ഇപ്പോൾ വാപ്പ താരമായതിൽ സത്യത്തിൽ തനിക്ക് അൽഭുതമൊന്നും തോന്നുന്നില്ലെന്നും ചെറുപ്പം മുതലേ തങ്ങൾ കാണുന്ന വാപ്പ ഇങ്ങനെ തന്നെയാണെന്നും ഫർസാന പറയുന്നു. കഴിഞ്ഞ ദിവസം സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിട്ടാണെന്നും എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അറിയില്ലെന്നും ഫർസാന പറയുന്നു. എന്നാൽ, വാപ്പ പണ്ടു മുതലേ ഇങ്ങനെയാണെന്നും പ്രശസ്തിക്കോ മറ്റെന്തിനെങ്കിലും വേണ്ടിയോ അല്ല ഇതെല്ലാം ചെയ്യുന്നത്- ഫർസാന പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പെരുന്നാളാണ് ഇതെന്ന് നൗഷാദ് പറഞ്ഞു. ബ്രോഡ് വേ മാർക്കറ്റിൽ അവർ വന്നപ്പോ ആരും ഒന്നും കൊടുക്കുന്നത് കണ്ടില്ല അതാണ് അതാണ് അവരെ വിളിച്ച് കൊണ്ടുപോയി ആവുന്നത് പോലെ സഹായിച്ചതെന്ന് നൗഷാദ്. എന്നെക്കൊണ്ട് ആവുന്ന സാധനങ്ങളൊക്കെ കൊടുത്ത് ഇനിയും കൊടുക്കാൻ തയാറാണെന്നും നൗഷാദ് പറഞ്ഞു. ഇനിയും കൊടുക്കാമായിരുന്നു അവർ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് നിർത്തിയതെന്നും നൗഷാദ് പറഞ്ഞു. സഹായം ചെയ്യരുതെന്ന് പറയുന്നവരോട് നൗഷാദിന് പറയാനുള്ളത് ഇത്രയാണ് വന്നപ്പോൾ ഒന്നും കൊണ്ടുവന്നിട്ടില്ല. പോകുമ്പോൾ ഒന്നും കൊണ്ടു പോവുകയും ഇല്ല. പിന്നെന്തിനാണ് നന്മ ചെയ്യാൻ മടിക്കുന്നത് -നൗഷാദ് ചോദിക്കുന്നു.