ജിദ്ദ- സൗദി അറേബ്യയില്‍ വിദേശികളില്‍നിന്ന് ഈടാക്കി തുടങ്ങിയ പ്രതിമാസ ഫീസിന്റെ ഫലമായി ഓരോ വര്‍ഷവും 1,65,000 പേര്‍ നാടു പിടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു. ഇതു രാജ്യത്തെ ഉപഭോഗത്തില്‍ വന്‍ ഇടിച്ചിലുണ്ടാക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
കൂടുതല്‍ ആശ്രിതരുള്ള കുടുംബങ്ങളെയാണ് സ്വാഭാവികമായും പുതിയ ഫീസ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിനു പുറമെ, ജീവിത ചെലവിലുണ്ടാകുന്ന വര്‍ധന പുറത്തേക്കുള്ള ഒഴുക്ക് ശക്തമാക്കുകയും ചെയ്യും. 100 റിയാലില്‍ പ്രതിമാസ ആശ്രിത ഫീ 400 റിയാലായി വര്‍ധിക്കുന്ന 2020 ആകുമ്പോഴേക്കും വീട്ടുചെലവിനായുള്ള തുകയില്‍ 14 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. റീട്ടെയില്‍, ഭക്ഷ്യ മേഖലകളിലും വിദ്യാഭ്യാസം, യാത്ര, ടെലിക്കോം തുടങ്ങിയ സേവന മേഖലകളിലുമാണ് ഇത് ഉടന്‍ ആഘാതമേല്‍പിക്കുക. ഉപഭോഗം കുറച്ച് സ്വരൂപിക്കുന്ന തുക നാട്ടിലയക്കാനുള്ള പ്രവണത ശക്തിപ്പെടുത്തുയാണെങ്കില്‍ അത് വീണ്ടും ചെലവാക്കുന്ന തുകയില്‍ ഇടിച്ചിലുണ്ടാക്കും.
കുടുംബത്തോടൊപ്പം രാജ്യത്ത് കഴിയുന്ന 11 ലക്ഷം വിദേശ തൊഴിലാളികളില്‍ 5,64,323 പേര്‍ (53 ശതമാനം) 10,000 റിയാലില്‍ കുടുതല്‍ പ്രതിമാസ വേതനം പറ്റുന്നവരാണെന്നാണ് ഗോസി അടിസ്ഥാനമാക്കിയുള്ള കണക്ക്. 6000 മുതല്‍ 6,999 റിയാല്‍ വരെ ശമ്പളം വാങ്ങുന്നവരാണ് 1,75,023 തൊഴിലാളികള്‍ (16 ശതമാനം).
7000-7999 (13 ശതമാനം), 8000-8999 (10 ശതമാനം) 9000-9999( ഏഴ് ശത്മാനം) എന്നിങ്ങനെയാണ് ബാക്കിയുള്ളവര്‍.
Also Read: ഇഖാമ തീര്‍ന്നാലും ഫൈനല്‍ എക്‌സിറ്റ് ലഭിക്കാന്‍ രണ്ട് മാസത്തെ ലെവി
ആശ്രിത ലെവി: ആദ്യവര്‍ഷം പ്രതീക്ഷിക്കുന്നത് 206 കോടി റിയാല്‍
തൊഴിലുടമകള്‍ വീട്ടുവാടകയും വിദ്യാഭ്യാസ അലവന്‍സും നല്‍കുന്നവരെ ആശ്രിത ഫീ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് അനുമാനം. 9000 മുതല്‍ 10,000 വരെ ശമ്പളം ലഭിക്കുന്ന വിഭഗത്തിലാണ് ഇവര്‍. ഈ വിഭാഗത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന ആശ്രിതര്‍ കുറവായിരിക്കും. ഫാമിലി ആനുകൂല്യങ്ങള്‍ നല്‍കിവരുന്ന ചില കമ്പനികള്‍ ആശ്രിത ഫീ കൂടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി ജീവനക്കാരെ നിയമിക്കുമ്പോള്‍ ആശ്രിത ഫീ കൂടി തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന വിഭാഗത്തില്‍നിന്നുള്ള ആശ്രിതരുടെ ഒഴിഞ്ഞുപോക്കിന് പ്രതിമാസ ഫീയേക്കാളും ജീവിതച്ചെലവിലുള്ള വര്‍ധനയായിരിക്കും കാരണം. വിദേശ തൊഴിലാളികള്‍ക്കുള്ള ഫീ തൊഴിലുടമകള്‍തന്നെ വഹിക്കുമെന്നാണ് കുരുതുന്നത്. അങ്ങനെയല്ലെങ്കില്‍ വിദേശികളുടെ പുറത്തേക്കുള്ള ഒഴുക്ക് ഗണ്യമായി ഉയരും.
6000 മുതല്‍ 6999 റിയാല്‍ ശമ്പളം വാങ്ങന്നവരാണ് പുതിയ ഫീ കാരണം ഉടന്‍തന്നെ കുടുംബങ്ങളെ നാട്ടിലയക്കുക. 2020 ആകുമ്പോഴേക്കും രാജ്യത്ത് തങ്ങുന്ന ആശ്രിതരുടെ എണ്ണത്തില്‍ 16 ശതമാനം കുറവുണ്ടാകുമെന്ന കണക്കില്‍ ഈ വിഭാഗത്തില്‍നിന്ന് നടപ്പുവര്‍ഷം അഞ്ച് ശതമാനം (35,005 പേര്‍) നാടുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ആകുമ്പോഴേക്കും ഈ വിഭാഗത്തില്‍നിന്ന് 2,37,204 ആശ്രിതര്‍ നാട്ടിലെത്തുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു.
അനധികൃത തൊഴിലാളികളെ പുറന്തള്ളുന്നതിനുള്ള നീക്കം ശക്തമായ 2014 മുതല്‍ ഇതുവരെ പത്ത് ലക്ഷത്തോളം പേര്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഈ ഒഴുക്ക് വലിയ തോതില്‍ ഉപഭോഗത്തെ ബാധിച്ചിട്ടില്ല. അവര്‍ വലിയ തൊതില്‍ ചെലവഴിക്കുന്നവരായിരുന്നില്ല എന്നതാണ് ഒരു കാരണം. അതേസമയം, പുതിയ ഫീയില്‍ പരമാവധി ഈടാക്കി തുടങ്ങുന്ന 2020 മുതല്‍ വീട്ടുസാധനങ്ങള്‍ക്കായുള്ള ചെലവില്‍ വര്‍ഷം 1300 കോടിയിലേറെ റിയാലിന്റെ കുറവുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.