മിനാ - പണവും പാസ്‌പോർട്ടും സൂക്ഷിച്ച ബാഗ് അമേരിക്കൻ ഹാജിമാർക്ക് മക്കാ പോലീസ് തിരിച്ചുനൽകി. ടാക്‌സി യാത്രക്കിടെയാണ് അമേരിക്കൻ തീർഥാടകരുടെ ബാഗ് നഷ്ടപ്പെട്ടത്. ഇതേ കുറിച്ച് ഇവർ പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് അറിയിച്ചു. അന്വേഷണത്തിനായി പരാതി ജർവൽ പോലീസിന് കൈമാറി. 24 മണിക്കൂറിനകം ബാഗ് വീണ്ടെടുത്ത് തീർഥാടകർക്ക് തിരിച്ചുനൽകാൻ ജർവൽ പോലീസ് കുറ്റാന്വേഷണ വകുപ്പിന് സാധിച്ചു.
ന്യൂയോർക്കിൽ സ്‌കൂളിൽ അധ്യാപകരായ അബ്ദുൽബാസിതിന്റെയും സഹോദരൻ ഇൽയാസിന്റെയും അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന മുഹ്‌യുദ്ദീന്റെയും പണവും പാസ്‌പോർട്ടും സൂക്ഷിച്ച ബാഗാണ് നഷ്ടപ്പെട്ടത്. അൽതൈസീർ ഡിസ്ട്രിക്ടിലെ കെട്ടിടത്തിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെ നിന്ന് പിന്നീട് മറ്റൊരു താമസസ്ഥലത്തേക്ക് മാറ്റി. രണ്ടു ടാക്‌സികളിലാണ് പുതിയ താമസസ്ഥലത്തേക്ക് മാറ്റിയത്. ഇവരുടെ പക്കൽ മൂന്നു ബാഗുകകളുണ്ടായിരുന്നു. ഇതിൽ ഒരു ബാഗാണ് നഷ്ടപ്പെട്ടത്. ഈ ബാഗിൽ 3,800 ഡോളറും ഒരു പാസ്‌പോർട്ടുമുണ്ടായിരുന്നു.
ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടൻ അബ്ദുൽബാസിത് പോലീസിൽ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ബാഗ് വീണ്ടെടുത്ത് തിരിച്ചുനൽകാൻ പോലീസിന് സാധിച്ചതായും തീർഥാടകർ പറഞ്ഞു.