ഓർമയും പിന്തിരിപ്പൻ മറവിയുംഓർമയെപ്പറ്റി ഓർക്കാനുള്ളതിനേക്കാൾ എത്രയോ ഏറെയാവും മറവിയുടെ ഓർമകൾ. മറവി സൗകര്യം ചെയ്യുന്ന ഓർമയായ ഏറ്റവും ഒടുവിലത്തെ സംഭവമാകാം കെ.എം. ബഷീർ എന്ന പത്രപ്രവർത്തകന്റെ മരണം. അതിനു തൊട്ടും മുമ്പ് നടക്കുകയും കാരണമാകുകയും ചെയ്ത ചില കാര്യങ്ങൾ പ്രതിയാകേണ്ട ശ്രീറാം വെങ്കട്ടരാമൻ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ആൾക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നതാണ് ഈ അവസരത്തിൽ ഓർക്കപ്പെടേണ്ട വസ്തുത.
റിട്രോഗ്രേഡ് അംനേഷ്യ എന്ന അനുഗൃഹീത നാമത്തിൽ അറിയപ്പെടുന്നതാണ് ഈ കഴിവില്ലായ്മ. കമ്യൂണിസ്റ്റ് പാരമ്പര്യം ശക്തമായ കേരളത്തിൽ പ്രചാരമുള്ള പദമാണ് റിട്രോഗ്രേഡ് എന്ന വാക്കിന്റെ മലയാളം, 'പിന്തിരിപ്പൻ.' പിന്തിരിപ്പൻ മറവി. നമുക്ക് ഇഷ്ടമില്ലാത്തതിനെയെല്ലാം തള്ളിപ്പറയാൻ പറ്റിയതു തന്നെ 'പിന്തിരിപ്പൻ.' ഓർമകളിലും അങ്ങനെയൊരു കൂട്ടം ഉണ്ടാകുമായിരിക്കാം. വിദഗ്ധന്മാർ സാക്ഷ്യപ്പെടുത്തിയിരിക്കുകയല്ലേ, മറിച്ചാവാൻ വയ്യ. ആ വയ്യായ്ക വിളക്കിയുറപ്പിക്കാൻ അവർ വേറൊരു വഴിയും കണ്ടിരിക്കുന്നു: ഈ കഴിവുകേടോ സിദ്ധിയോ ശാസ്ത്രീയ രീതിയിൽ തെളിയിക്കാനാവില്ല. എന്നു വെച്ചാൽ അതു പറയുന്നവരുടെ വാക്കു തന്നെ തെളിവ്.
പല കാര്യത്തിലും അതായിരിക്കും സ്ഥിതി. കേൾക്കുന്നതു മനസ്സിലാക്കാനോ മനസ്സിലുള്ളത് മറ്റൊരാളെ പറഞ്ഞറിയിക്കാനോ കഴിവു കുറഞ്ഞ ഒരാളുടെ കണ്ണു പരിശോധിക്കാൻ ഒരു ക്ലിനിക്കിൽ കൊണ്ടുപോയ സന്ദർഭം ഓർക്കുന്നു. പരിശോധന കഴിഞ്ഞ് ഡോക്ടർ പറഞ്ഞു 'കുഴപ്പമൊന്നും കാണുന്നില്ല.' രോഗി എന്തെങ്കിലും കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്നതായി തെളിയുന്നുണ്ടോ? എന്റെ ചോദ്യത്തിൽ പിടിച്ചു കയറി, ഡോക്ടർ. നമ്മൾ എത്ര നോക്കിയാലും രോഗിയുടെ അനുഭവ സാക്ഷ്യമുണ്ടെങ്കിലേ പരിശോധന പൂർണമാകുകയുള്ളൂ. എല്ലാ പരിശോധനകളെയും വെല്ലുവിളിക്കുന്ന ചില രോഗാവസ്ഥകൾ പഞ്ചേന്ദ്രിയങ്ങളിൽ പ്രകടമാകാം. വേണമെങ്കിൽ ആറാമത്തെ ഇന്ദ്രിയത്തെയും ആ വലയത്തിൽ പെടുത്താം. രോഗി ഉണ്ടെന്നോ ഇല്ലെന്നോ അവകാശപ്പെടുന്ന അനുഭവം തിരിച്ചറിയപ്പെടാതെ പോകുന്നു ചില പരിശോധനകളിൽ. അവിടെ ശാസ്ത്രീയ പരിശോധനയുടെ അന്തിമ വാസ്തവം അംഗീകരിക്കാതെ രോഗി പരാതിപ്പെടുന്ന അവസ്ഥ സത്യം സത്യമായി സ്വീകരിക്കണമെന്നാണ് ഒരു പക്ഷം. ആ പക്ഷക്കാരാണ് ശാസ്ത്രീയമായി തെളിയിക്കാൻ പറ്റില്ലെങ്കിലും പിന്തിരിപ്പൻ മറവി ഒരു രോഗാവസ്ഥയായി അംഗീകരിക്കണമെന്നു വാദിക്കുന്നവർ.
പണ്ടൊന്നും മറവി കുറക്കാനോ ഓർമ കൂട്ടാനോ വഴിയുണ്ടായിരുന്നില്ല. അന്നൊക്കെ കുട്ടികൾക്ക് വയമ്പും ബ്രഹ്മിയും കൊടുത്തിരുന്നത് ഓർമ ബലപ്പെടുത്താനായിരുന്നെന്ന് ഇന്നു പറയുന്നു. പണ്ടേക്കു പണ്ടേ മഞ്ഞൾ ചേർത്ത കറികൾ കഴിക്കുന്നതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഓർമ രോഗം കുറഞ്ഞിരിക്കുന്നതെന്ന് കേൾക്കുന്നു. അനുഭവങ്ങളെ ഓർമകളാക്കി വിളക്കിച്ചേർക്കുന്ന തലച്ചോറിലെ സിനാപ്‌സസ് എന്ന കോശങ്ങളെ ബലപ്പെടുത്തുന്നതത്രേ മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന രാസപദാർഥം. അതൊന്നും പ്രചാരത്തിലുള്ള വിശ്വാസമല്ലാതിരുന്ന കാലത്തും നമ്മൾ സങ്കടപ്പെട്ടിരുന്നു, 'മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമകൾ ഓടിയെത്തി ഉണർത്തീടും.' അല്ലെങ്കിൽ ചുരുക്കി രണ്ടു വാക്കിൽ ഒരു പ്രാർഥന: 'ഓർക്കുക വല്ലപ്പോഴും.'
ഏറെ ആളുകളും ഓർക്കാതെ പോയ ഭാവഗീതങ്ങൾ എഴുതിയ ആളായിരുന്നു കെ.കെ. രാജ. അദ്ദേഹം മറക്കാത്തതായി മറവി മാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ. സ്വന്തം തോളിൽ തൂക്കിയിട്ടിരിക്കുന്ന കൂട തേടി നാടെങ്ങും നടന്ന കഥയൊക്കെ സാധാരണം. തന്റെ ക്ലാസിൽ പഠിപ്പിക്കാനായി തന്റെ തന്നെ ഒരു കവിത നിർദ്ദേശിക്കപ്പെട്ടിരുന്നു അക്കൊല്ലം. ഒരു ദിവസം ചങ്ങാതിയായ മുണ്ടശ്ശേരിയോടു പറഞ്ഞു: 'ജോസഫേ, ഇതിന്റെ അർഥം ഒന്നു പറയെടോ. താൻ വ്യാഖ്യാനിച്ചുവെന്നു കേട്ടല്ലോ. കവിത എന്റെയാണെങ്കിലും അർഥം ഓർമയില്ല.' ആ അനുഭവവും, ഒരർഥത്തിൽ, കവിത തന്നെ.
ക്ലൈവ് വെയറിംഗ് എന്ന സംഗീതജ്ഞന്റെ ഓർമയുടെ നീളം രണ്ടു സെക്കന്റ് ആയിരുന്നു. എന്നുവെച്ചാൽ, രണ്ടു സെക്കന്റ് കഴിയുമ്പോൾ അദ്ദേഹത്തിന്റെ ഏതനുഭവവും മറന്നുപോയിരിക്കും. പത്‌നി ഡെബോറയെയും സംഗീതത്തെയും നനുത്ത മട്ടിൽ ഒന്ന് ഓർത്താലായി. കുറെ കൊല്ലത്തെ പരിചരണത്തിനു ശേഷം അവർക്ക് മടുത്തു. ഭർത്താവിനെ ഒരു പരിചരണ സ്ഥാപനത്തിലാക്കി, ഒരു കൂട്ടുകാരനുമായി ശേഷിക്കുന്ന ജീവിതം പങ്കിടാൻ തുടങ്ങി. ഒന്നോ രണ്ടോ ആഴ്ച മതിയായിരുന്നു ആ പരീക്ഷണം പൊളിയാൻ. ക്ലൈവ് എന്ന അനുഭവം, സത്യം, ഡെബോറയെ വീർപ്പുമുട്ടിക്കുകയായിരുന്നു. ഓർമ പോയ ഭർത്താവുമൊന്നിച്ചുള്ള ജീവിതത്തെപ്പറ്റി ഡെബോറ ഒരു പുസ്തകം എഴുതി, എീൃല്‌ലൃ ഠീറമ്യ. എന്നും ഇന്ന്. ഓർമയില്ലായ്മയിൽനിന്നും കവിത കിനിയുന്നതു കണ്ടോ? മറവിയെ ഇനി പേടിക്കേണ്ട. ഓർമകളൊക്കെ ഒരു ശീട്ടുപെട്ടിയുടെ വലിപ്പമുള്ള പേടകത്തിൽ സൂക്ഷിക്കാം, കീശയിലോ കണ്ണാടിക്കൂട്ടിലോ. തലയുടെയോ ചോറിന്റെയോ ആവശ്യമില്ല. വാക് വാണിഭക്കാർ ആ പ്രക്രിയയെ ഓർമയുടെ ബാഹ്യവൽക്കരണം. ഒർക്കാനുള്ള കഴിവിൽ ഊറ്റം കൊള്ളുന്ന നാളുകളെപ്പറ്റി ഓർത്തു. ഇന്ദ്രവജ്രയിലോ പുഷ്പിതാഗ്രയിലോ ഒരു ശ്ലോകം ഒരിക്കൽ കേട്ടാൽ ഓർക്കാൻ കഴിയുമോ എന്നതായിരുന്നു വെല്ലുവിളി. ശാർദ്ദൂലവിക്രീഡിതം ഓർമയെ പീഡിപ്പിച്ചു. ഒരു വരിയിൽ ഇരുപത്തിനാലക്ഷരവുമായി ആടിത്തിമിർക്കുന്ന ശ്യാമളാദണ്ഡകം അഹങ്കാരം കെടുത്തുന്നതായി. അതു മറക്കാനെന്തെളുപ്പം!
ഓർമയുടെ അഹങ്കാരവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവം അച്ഛനുമായി കോർത്തതായിരുന്നു. ഏഴു പതിറ്റാണ്ടു മുമ്പ് മനഃപാഠമാക്കിയതാണ് അച്ഛൻ ഈണമോ അക്ഷരമോ തെറ്റാതെ ഉച്ചരിച്ചുപോകുന്ന വേദം. ഇടക്കെവിടെനിന്നെങ്കിലും ഒരു പാഠഭാഗത്തിൽനിന്ന് തുടർന്നു ചൊല്ലുമ്പോൾ മറവിയുടെ കള്ളറകൾ അടക്കാനുള്ള വിദ്യ പരീക്ഷിക്കുകയായിരുന്നു. ഒരു വ്യാഴവട്ടം കൊണ്ട് ഹൃദിസ്ഥമാക്കിയതല്ലേ എന്നൊരു ഊക്ക് തോന്നി മനസ്സിൽ. പക്ഷേ അദ്ദേഹം പഠിച്ചത് പുസ്തകവും പെൻസിലും ഇല്ലാതെയായിരുന്നു എന്നോർത്തപ്പോൾ തല കുനിഞ്ഞു.
ഓർമ പുഷ്‌കലമാക്കാൻ, മറവി മറക്കാൻ, എന്തെല്ലാം വഴി കാണാമോ അതൊക്കെ തുറന്നുനോക്കുന്ന ധീരപരീക്ഷണത്തിന്റെ തിരക്കിൽ പെട്ടിരിക്കുകയാണ് മനുഷ്യൻ. സ്വാധ്യായം ഒരു അഭ്യാസം തന്നെ. പക്ഷേ അതിനെയൊക്കെ കടത്തി വെട്ടുന്ന വീരശ്രുതികളും ധീരസ്മൃതികളും നമുക്കറിയാം. മരുന്നും മന്ത്രവും നമ്മൾ ചന്തയിലിറക്കാൻ നോക്കുന്നു. തലച്ചോറിനൊരഭ്യാസം ചിട്ടപ്പെടുത്തിയ ലോറൻസ് കാട്‌സ് എന്ന ഗവേഷകൻ പറയുന്നു, തലയിൽ ത്രില്യൻ കണക്കിന് ഓർമക്കരുക്കൾ ഉറങ്ങിക്കിടക്കുന്നു. ഒന്നു ചെനക്കിക്കൊടുത്താൽ മതി, അവ ഇളകിയാടും, ഓർമയുടെ ചക്രവാളം തേടിപ്പോകും. അങ്ങനെ ബാഹ്യവൽക്കരിക്കപ്പെടുന്ന, കീശയിൽ കൊണ്ടു നടക്കാവുന്ന, ഓർമയുടെ യാഗാചാര്യനായി മനുഷ്യൻ മാറുമ്പോൾ എന്തെന്തു മാറ്റങ്ങളും മറിമായങ്ങളും അരങ്ങേറാനിരിക്കുന്നു?
ആ പരിണാമ ഭംഗികൾ കണ്ട് ഭ്രമിച്ചവരും പുറം തിരിഞ്ഞു നിൽക്കുന്നവരും കാണും. ചിലർക്ക് ശങ്കയായി. 'കളിയും ചിരിയും കരച്ചിലുമായ്, കഴിയും നരനൊരു യന്ത്രമായാൽ, അംബ്ദ പേരാറേ നീ മാറിപ്പോമോ, ആകുലയാമൊരഴുക്കു ചാലായ്?' മറ്റു ചിലരുടെ ശങ്ക സാഹസികതയായി. 'നരൻ ക്രമാൽ തന്റെ ശവം ചവുട്ടി, പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?'
ശങ്കിച്ചാലും പേടിച്ചാലും സ്‌നേഹിച്ചാലും, വരാനുള്ളത് വരിക തന്നെ ചെയ്യും. കീശയിൽ കൊണ്ടു നടക്കാവുന്നത് തലയിലോ കരളിലോ തള്ളിക്കയറ്റേണ്ടതില്ല. ഇപ്പോൾ പിന്തിരിപ്പനെന്നു പരിഹസിക്കുന്ന ഓർമയും മറവിയും ശാസ്ത്രത്തിന്റെ ശോധശാലയിൽ തിരിച്ചറിയപ്പെടാൻ ഇനിയും സമയമെടുക്കുമെന്നേയുള്ളൂ.
ശ്രീറാം വെങ്കട്ടരാമന്റെ ഓർമയിലും മറവിയിലും നിഗൂഢത കാണുന്നവർക്ക് അതുവരെ കാത്തിരിക്കാം, അതുവരെ മാത്രം. അതായാൽ പാരംനേഷ്യക്കും പരിഹാരമാകും. നടക്കാത്തതു കാണുന്നതാണ് പാരംനേഷ്യ.