റിയാദ് - സൗദി അറേബ്യയില്‍ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം സഖ്യസേന പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് സന്‍ആയില്‍നിന്ന് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍ അയച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു.
സൗദി അറേബ്യയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും ശനിയാഴ്ച രാത്രി ഹൂത്തികള്‍ ശ്രമിച്ചിരുന്നു. അംറാന്‍ പ്രവിശ്യയിലെ ഹറഫ് സുഫ്‌യാന്‍ ജില്ലയില്‍നിന്നാണ് രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ ഹൂത്തികള്‍ തൊടുത്തത്. യെമനിലെ ഹജ്ജ പ്രവിശ്യയിലെ ഹൈറാന്‍ ജില്ലയില്‍ തന്നെ ഇരു മിസൈലുകളും തകര്‍ന്നുവീഴുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
സൗദി അറേബ്യയിലേക്ക് മിസൈല്‍ അയക്കാന്‍ സിവിലിയന്‍ കേന്ദ്രങ്ങളാണ് ഹൂത്തികള്‍ ഉപയോഗിക്കുന്നത്. ജൂണ്‍ 20 ന് സന്‍ആയിലെ അല്‍ഈമാന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് തൊടുത്ത മിസൈല്‍ അല്‍ജൗഫ് പ്രവിശ്യയിലും ഓഗസ്റ്റ് ഏഴിന് ഹജ്ജ പ്രവിശ്യയിലെ അല്‍റബൂഅ് സൂഖില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ഇതേ പ്രവിശ്യയിലും തകര്‍ന്നുവീണിരുന്നു.
അതിനിടെ, ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തിയുടെ സഹോദരന്‍ ഇബ്രാഹിം അല്‍ഹൂത്തി നേതാക്കള്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കങ്ങളുടെ ഫലമായാണ് കൊല്ലപ്പെട്ടതെന്ന് സഖ്യസേന വെളിപ്പെടുത്തി.
സന്‍ആയില ഹദ ജില്ലയിലെ ഹൂത്തി കേന്ദ്രത്തില്‍ വെച്ചാണ് ഇബ്രാഹിം അല്‍ഹൂത്തി വധിക്കപ്പെട്ടത്. കെണിയില്‍ പെടുത്തി എതിരാളികളെ വധിക്കുന്നത് ഹൂത്തി നേതാക്കളുടെ പതിവാണെന്നും സഖ്യസേന പറഞ്ഞു. സഖ്യസേന നടത്തിയ ആക്രമണത്തിലാണ് ഇബ്രാഹിം അല്‍ഹൂത്തി കൊല്ലപ്പെട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.