തിരുവനന്തപുരം- പ്രവാചകന്‍ ഇബ്രാഹിമിന്റേയും പത്‌നി ഹാജറയുടേയും മകന്‍ ഇസ്മായിലിന്റേയും ത്യാഗസ്മരണകള്‍ പ്രാവര്‍ത്തികമാക്കി കേരളത്തിലെ വിശ്വാസികള്‍ ഇക്കുറി ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
തക്ബീറുകള്‍ മുഴക്കി വിശ്വാസികള്‍ ഈദുഗാഹുകളില്‍ ഒത്തുചേര്‍ന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു.
തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്‌കാരത്തിന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി നേതൃത്വം നല്‍കി. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ഥിച്ചു. ഈ പെരുന്നാള്‍ ആഘോഷത്തിന്റേതല്ലെന്നും മറിച്ച് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ളതാണെന്നും അദ്ദേഹം ഉണര്‍ത്തി. ആഘോഷത്തിനു വേണ്ടി കരുതിവെച്ച പണം പ്രളയബാധിതര്‍ക്കു വേണ്ടി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട്ട് ഈദ് ഗാഹുകള്‍ ഒഴിവാക്കി. പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ നടന്നു. പ്രളയബാധിതരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഇമാമുകള്‍ ഉണര്‍ത്തി.