മിനാ - മനസ്സിൽനിന്ന് പൈശാചിക ചിന്തകളെ തൂത്തെറിഞ്ഞ് സാത്താന്റെ പ്രതീകമായ ജംറയിൽ കല്ലെറിഞ്ഞും തല മുണ്ഡനം ചെയ്തും ബലിയറുത്തും തവാഫുൽ ഇഫാദ നിർവഹിച്ചും ഹാജിമാര്‍ പ്രധാന കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.
ഇനി അവശേഷിക്കുന്നത് രണ്ടു ദിനം കൂടി മിനായിൽ താമസിച്ചുള്ള കല്ലേറും വിടവാങ്ങൽ ത്വവാഫും മാത്രമാണ്. ഇന്നും നാളെയുമായി അതു പൂർത്തിയാക്കി തീർഥാടകർ പരിശുദ്ധ ഭൂമിയോട് വിട ചൊല്ലാൻ തുടങ്ങും.
കഠിനമായ ചൂട് അനുഭവപ്പെട്ടുകൊണ്ടിരിക്കേ മിനായുടെ ചില ഭാഗങ്ങളിൽ ഉച്ചക്കു ശേഷം നേരിയ തോതിൽ ലഭിച്ച മഴ ചൂടിന് ആശ്വാസം പകർന്നു. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിനം സുഗമമായി കടന്നു പോയതിൽ സൗദി ഭരണകർത്താക്കളും സുരക്ഷാ വിഭാഗവും ആശ്വാസത്തിലാണ്. 2015 ൽ ഈ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടായിരത്തിലേറെ പേർ മരിച്ചിരുന്നു.
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിലെല്ലാം ഇന്നലെ ബലിപെരുന്നാൾ ആഘോഷിച്ചു. മക്ക ഹറമിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ഹാജിമാരും പങ്കാളികളായി. പുലർച്ചെ കല്ലേറ് കർമം പൂർത്തിയാക്കിയ ഹാജിമാർ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിനായി ഹറമിലെത്തുകയായിരുന്നു. ഇമാം ശൈഖ് ഡോ. സൗദ് അൽശുറൈം പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി. ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും മാതൃകയാണ് ഹജ് ലോകത്തിനു സമർപ്പിക്കുന്നതെന്ന് ഹറം ഇമാം പറഞ്ഞു. മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് ശൈഖ് അബ്ദുൽബാരി അൽസുബൈതി നേതൃത്വം നൽകി. ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ അടക്കം ലക്ഷങ്ങൾ നമസ്‌കാരത്തിൽ പങ്കെടുത്തു.
മുസ്ദലിഫയിൽനിന്നു ശേഖരിച്ച ഏഴു ചെറിയ കല്ലുകളുമായാണ് പ്രഭാത നമസ്‌കാരാനന്തരം ഏറ്റവും വലിയ ജംറയായ ജംറത്തുൽ അഖ്ബയിൽ ഹാജിമാർ കല്ലെറിയാനെത്തിയത്. രാവിലെ ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയത്. തിരക്ക് കുറക്കുന്നതിനായി ഹാജിമാരുടെ ജംറയിലേക്കുള്ള ഒഴുക്ക് സുരക്ഷാ വിഭാഗം നിയന്ത്രിച്ചിരുന്നു. കല്ലേറിന് ശേഷം തല മുണ്ഡനം ചെയ്ത് ബലി അർപ്പിച്ച ഹാജിമാർ ഹറമിലെത്തി ത്വവാഫും സഇയും നിർവഹിച്ച് ഇഹ്‌റാമിൽനിന്നു വിടവാങ്ങി. കല്ലേറ് നിർവഹിക്കുന്നതിന് ഓരോ രാജ്യങ്ങൾക്കും പ്രത്യേക സമയവും കടന്നുപോകുന്നതിന് പ്രത്യേക റോഡുകളും നിശ്ചയിച്ചിരുന്നു. ഇത് ജംറയിലേക്കുള്ള തിരക്ക് കുറക്കാൻ സഹായിച്ചു. ഇന്ത്യൻ ഹാജിമാർ അധികപേരും രാവിലെ കല്ലേറ് നിർവഹിച്ചു. ഇന്നും നാളെയും ഉച്ചക്കു ശേഷമാണ് ഇന്ത്യൻ ഹാജിമാർക്ക് കല്ലേറ് നിർവഹിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. തല മുണ്ഡനത്തിന് മക്ക നഗരസഭ ജംറക്കു സമീപം പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു.
ബലി കർമം നിർവഹിക്കാൻ എട്ടു കശാപ്പു ശാലകൾ ഏർപ്പെടുത്തിയിരുന്നു. ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ചാണ് ബലിയർപ്പണത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നത്. മുൻകൂട്ടി കൂപ്പൺ എടുത്തവരിൽ താൽപര്യമുള്ളവർക്ക് നേരിട്ട് അറവുശാലയിലെത്തി പങ്കാളികളാവുന്നതിന് അനുവദിച്ചിരുന്നു. വെറ്ററിനറി ഡോക്ടർമാരും സാങ്കേതിക വിദഗ്ധരുമടക്കം 40,000 ലേറെ ജീവനക്കാരെ കശാപ്പുശാലയിലെ ജോലിക്കായി നിയോഗിച്ചിരുന്നു. ബലിമാംസം ശീതീകരിച്ച് വിദേശ രാജ്യങ്ങളിലടക്കം അർഹരായവരിലെത്തിക്കും.