കൊച്ചി - മഴക്കാലത്ത് വെള്ളം കയറി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന ദുരിതാശ്വാസ പ്രവർത്തന അവലോകന യോഗം ആവശ്യപ്പെട്ടു.
ഇത്തരത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത് കേരളത്തിന് തന്നെ അപമാനമാണെന്ന് യോഗത്തിൽ പങ്കെടുത്ത ചാലക്കുടി എം.പിയും യു.ഡി.എഫ് കൺവീനറുമായ ബെന്നി ബഹനാൻ പറഞ്ഞു.
ആവശ്യമായ മുൻകരുതലുകൾ വിമാനത്താവള അധികൃതർ സ്വീകരിക്കാത്തതാണ് വിമാനത്താവളം അടക്കാൻ കാരണമാക്കിയത്. വിമാനത്താവള അധികൃതർ സ്വീകരിച്ച നടപടികൾ ജനപ്രതിനിധികളെ അറിയിക്കണം. വിമാനത്താവളത്തിന് സമീപമുള്ള തോടുകളിൽ സോളാർ പദ്ധതിക്കായി തൂണുകൾ കെട്ടി വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ചെങ്ങൽ തോടിലെ തടസ്സങ്ങൾ നീക്കാൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട് ലിമിറ്റഡിനോട് (സിയാൽ) ആവശ്യപ്പെടുമെന്നും ഇതിനായി ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള യോഗം വിളിക്കാനും മന്ത്രി നിർദേശം നൽകി. മഴ ശക്തമായതിനെ തുടർന്ന് ചെങ്ങൽ തോട് കരകവിഞ്ഞ് വിമാനത്താവളത്തിലും റൺവേയിലും വെള്ളം കയറിയതോടെ വെള്ളിയാഴ്ച രാത്രി ഒമ്പതു മുതൽ വിമാനത്താവളം അടച്ചിരുന്നു. തുടർന്ന് മഴ കുറയുകയും പെരിയാറിലെ ജലനിരപ്പ് താഴുകയും ചെയ്തതിനു ശേഷം ഇന്ന് ഉച്ചയക്ക് 12 മണിയോടെയാണ് വിമാനത്താവളം വീണ്ടും തുറന്നത്.
കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിലും വിമാനത്താവളം ഇതേ രീതിയിൽ ദിവസങ്ങളോളം അടച്ചിട്ടിരുന്നു. വിമാനത്തവാളം അടച്ചതോടെ വിദേശത്തേയ്ക്ക് പോകേണ്ടിയിരുന്നതും വിദേശത്ത് നിന്നും വരുന്നവരുമടക്കം നൂറു കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഈ പശ്ചാത്തലത്തിലായിരുന്നു യോഗത്തിൽ ജനപ്രതിനിധികൾ വിമർശനമുന്നയിച്ചത്.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കന്നവരെ സഹായിക്കാൻ സ്വകാര്യ വ്യക്തികളും വിവിധ സന്നദ്ധ സംഘടനകളും സംഘടിപ്പിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സംഭരണ കേന്ദ്രങ്ങളും സർക്കാർ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഔദ്യോഗിക സംവിധാനങ്ങളുമായി ചേർന്ന് സഹായമെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരോ ജില്ലയിലും സജ്ജീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ മന്ത്രി വ്യക്തമാക്കി.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം ജോൺ. വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, പി.ടി. തോമസ്, വി.ഡി. സതീശൻ, അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, കെ.ജെ. മാക്‌സി, ആന്റണി ജോൺ, എൽദോ എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, കലക്ടർ എസ് സുഹാസ്, വിവിധ വകുപ്പ് മേധാവികൾ, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.