Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇടുക്കിയിൽ മഴക്ക് ശമനം;  ഡാമിലെ ജലനിരപ്പ് ഉയരുന്നു 

മൂലമറ്റത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങൾ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സന്ദർശിക്കുന്നു. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ സമീപം

ഇടുക്കി - ജില്ലയിൽ കനത്ത മഴക്ക് ശമനമായതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ആളുകൾ വീട്ടിലേക്ക് മടങ്ങി തുടങ്ങി. അതേ സമയം അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് മൂന്നടി ഉയർന്നു. 2338.86 അടിയാണ് ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ ജലനിരപ്പ്. ഉച്ചയ്ക്ക് ഒരു മണിയോടെ ഇത് 2339.56 അടിയായി. 37.12 ശതമാനം വെള്ളം. കഴിഞ്ഞ വർഷം ഇതേ സമയം 2401.10 അടിയായിരുന്നു. 24 മണിക്കൂറിനിടെ 4.78 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോൾ 100.705 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം ഒഴുകിയെത്തി. 2.159 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റം പവർ ഹൗസിലെ ഉൽപാദനം. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. മൂന്ന് ദിവസത്തിനിടെ 12 ശതമാനം വെള്ളമാണ് ഇടുക്കിയിൽ ഉയർന്നത്.
മുല്ലപ്പെരിയാറിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 128.55 അടിയാണ് ജലനിരപ്പ്. അനുവദനീയമായ പരമാവധി സംഭരണ ശേഷി 142 അടിയാണ്. തേക്കടി തടാകത്തിലെ ബോട്ടിംഗ് 15 വരെ നിർത്തിവെച്ചു. ജില്ലാ കലക്ടറുടെ ഉത്തരവിനെത്തുടർന്നാണ് സവാരി നിർത്തിയത്. ഇതോടൊപ്പം പെരിയാർ കടുവാ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികളും നിർത്തിവെച്ചതായി ഡി.എഫ്.ഒ അറിയിച്ചു.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ പെരിയാറിൽ 4.88 സെ.മീറ്ററും തേക്കടിയിൽ 40.5 സെ.മീറ്ററും മഴ രേഖപ്പെടുത്തി. സെക്കന്റിൽ ശരാശരി 5661.11 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോൾ 1200 ഘനയടി വീതമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വരും ദിവസങ്ങളിൽ മഴ പെയ്താൽ മുല്ലപ്പെരിയാർ അതിവേഗം നിറയുകയും തുറക്കേണ്ടി വരികയും ചെയ്യും. ഈ വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ഉപ്പുതറ, ചപ്പാത്ത് വഴി ഒഴുകി ഇടുക്കി സംഭരണിയിൽ 2-3 മണിക്കൂറുകൾക്കകം എത്തും.
അപകട ഭീഷണി മുൻനിർത്തി സുരക്ഷാ മുൻകരുതലായി ക്യാമ്പുകളിലെത്തിയവർ മഴ കുറഞ്ഞതോടെ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മടങ്ങിപ്പോയി. വീടിന് പൂർണമായോ ഭാഗികമായോ നാശം സംഭവിച്ചവർ ക്യാമ്പിൽ തുടരുന്നുണ്ട്. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിൽ 85 കുടുംബങ്ങളിൽ നിന്നായി 289 പേരാണ് അധിവസിച്ചിരുന്നത്. നിലവിൽ 12 കുടുംബങ്ങളിൽ നിന്നുള്ള 39 പേർ മാത്രമാണുള്ളത്. ഇതിൽ ഏഴു കുട്ടികളുമുണ്ട്. ഉപ്പുതറ പഞ്ചായത്തിലെ ചപ്പാത്ത് കമ്യൂണിറ്റി ഹാളിലെ ക്യാമ്പിലുണ്ടായിരുന്നവർ വീടുകളിലേക്ക് മടങ്ങിയതിനാൽ ക്യാമ്പ് പിരിഞ്ഞു. 21 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. 90 പേരുണ്ടായിരുന്ന ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കന്ററി സ്‌കൂളിലെ ക്യാമ്പിൽ ഇപ്പോൾ 18 കുടുംബങ്ങളിൽ നിന്നായി 42 പേരാണുള്ളത്. കാഞ്ചിയാർ വനിതാ സാംസ്‌കാരിക നിലയത്തിലെ ക്യാമ്പിൽ 44 കുടുംബങ്ങളിൽ നിന്നായി 74 ആളുകൾ അധിവസിക്കുന്നു. മന്ത്രി സി. രവീന്ദ്രനാഥ് ജില്ലയിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 

 

 

Latest News