മിന - അറഫയിൽ രണ്ടു വിദേശ തീർഥാടകർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ലിബിയയിൽ നിന്നുള്ള സുആദ് മുഹമ്മദ് ബർബൂശ് (40) അറഫയിൽ പിറന്ന കുഞ്ഞിന് ഇവർ അറഫയെന്ന് പേരിട്ടു. ജബലുറഹ്മ ആശുപത്രിയിൽ സാധാരണ
പ്രസവമായിരുന്നു. ഭാര്യക്ക് മികച്ച പരിചരണം നൽകിയ മെഡിക്കൽ സംഘത്തിന് സുആദിന്റെ ഭർത്താവ് അശാൻ യൂസുഫ് നന്ദിയും കടപ്പാടും അറിയിച്ചു.. സുആദിന്റെ ആദ്യ ഹജ് കർമമാണിത്. ഹജിനിടെ കുഞ്ഞ് പിറന്നതിൽ ഇവരും കുടുംബവും അതിരറ്റ ആഹ്ലാദത്തിലാണ്.
ഈസ്റ്റ് അറഫ ആശുപത്രിയിൽ വെച്ച് ഗ്വിനിയൻ തീർഥാടക മൈമൂന(23)യാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. അറഫ ദിനത്തിൽ അസറിനു ശേഷമാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. അറഫ ദിനത്തിൽ കുഞ്ഞ് പിറന്നതിൽ ഇവർ അതിയായ ആഹ്ലാദം പ്രകടിപ്പിക്കുകയും ആരോഗ്യ പരിചരണങ്ങൾ നൽകിയ മെഡിക്കൽ സംഘത്തിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ആരോഗ്യ നില ഭദ്രമായതിനെ തുടർന്ന് അൽപ സമയത്തിനകം തന്നെ മൈമൂനയും കുഞ്ഞും ആശുപത്രി വിട്ടു.
ഹജ് തീർഥാടകർക്കിടയിൽ എട്ടു പ്രസവങ്ങൾ
മിനാ - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ആശുപത്രികളിൽ എട്ടു തീർഥാടകർ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്ക മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിൽ അഞ്ചു പ്രസവങ്ങളും മിനാ ആശുപത്രിയിൽ ഒരു പ്രസവും അറഫയിലെ ആശുപത്രികളിൽ രണ്ടു പ്രസവങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.