മിനാ - നാൽപതിലേറെ പേർ സ്വന്തം കൺമുന്നിൽ പിടഞ്ഞുവീണ് മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറാതെയാണ് ന്യൂസിലാന്റ് ക്രൈസ്റ്റ്ചർച്ച് അൽനൂർ മസ്ജിദ് ഇമാം ജമാൽ മുഖ്താർ മുഹമ്മദ് ഫോദ പരിശുദ്ധ ഹജ് കർമം നിർവഹിക്കാൻ പുണ്യഭൂമിയിലെത്തിയിരിക്കുന്നത്.
ഈജിപ്ഷ്യൻ വംശജനായ തനിക്ക് ന്യൂസിലാന്റ് പൗരത്വം ലഭിക്കുകയായിരുന്നു. 2003 ലാണ് ഈജിപ്ഷ്യൻ ഔഖാഫ് മന്ത്രാലയം തന്നെ ന്യൂസിലാന്റിലേക്ക് അയച്ചത്. അന്നു മുതൽ ക്രൈസ്റ്റ്ചർച്ച് മസ്ജിദിൽ ഇമാമായി സേവനമനുഷ്ഠിച്ചുവരികയാണ്. 17 വർഷമായി ഈ മസ്ജിദിലെ ഇമാമാണ്. ന്യൂസിലാന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ക്രൈസ്റ്റ്ചർച്ച്.
മാർച്ച് 15 ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ആകെ 51 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 42 പേരും അൽനൂർ മസ്ജിദിലാണ് വീരമൃത്യു വരിച്ചത്. ഏഴു പേർ ലിൻവുഡ് ഇസ്‌ലാമിക് സെന്ററിലും പരിക്കേറ്റ രണ്ടു പേർ പിന്നീട് ക്രൈസ്റ്റ് ചർച്ച് ആശുപത്രിയിലുമാണ് മരിച്ചത്.
ജുമുഅ നമസ്‌കാരത്തിന്റെ ഭാഗമായ ഖുതുബ (ഉദ്‌ബോധന പ്രസംഗം) ആരംഭിച്ച് അഞ്ചു മിനിറ്റോളം കഴിഞ്ഞ ശേഷമാണ് താൻ വെടിയൊച്ച കേട്ടത്. ആരോ പടക്കങ്ങൾ പൊട്ടിക്കുകയാണെന്നാണ് തുടക്കത്തിൽ താൻ കരുതിയത്. മീറ്ററുകൾക്കപ്പുറമുള്ള മസ്ജിദ് നടവഴിയിലൂടെ ആളുകൾ മസ്ജിദിനകത്തേക്ക് ഉന്തും തള്ളുമുണ്ടാക്കി ഓടിക്കയറുന്നതാണ് പിന്നീട് തനിക്ക് കാണാനായത്. ഇതിനിടെ മസ്ജിദിന്റെ ജനൽ തകർത്ത് പുറത്തേക്ക് നോക്കിയ അൾജീരിയൻ വംശജൻ അക്രമിയെ കണ്ട് വെടിവെപ്പ് നടക്കുന്നതായി ഉച്ചത്തിൽ ആളുകളെ അറിയിച്ചു. അപ്പോഴേക്കും വെടിവെപ്പിന്റെ തീവ്രത വർധിച്ചിരുന്നു. ഇതിനിടെ വെടിയുണ്ടകളിൽ ഒന്ന് മിമ്പറിന്റെ അടിഭാഗത്ത് തറച്ച് കാർപറ്റിന് തീപ്പിടിച്ചു. അപ്പോഴേക്കും ആളുകളെല്ലാവരും ഭയചകിതരായിരുന്നു. നിമിഷങ്ങൾക്കകം ഭീകരൻ മസ്ജിദിനകത്ത് പ്രവേശിച്ച് തുരുതുരാ വെടിവെപ്പ് ആരംഭിച്ചു.
സൈനിക യൂനിഫോമിന് സദൃശമായ വസ്ത്രം ധരിച്ചെത്തിയ ഭീകരൻ താൻ ഇരിക്കുന്ന പ്രസംഗ പീഠത്തിൽ നിന്ന് നാലു മീറ്റർ മാത്രം ദൂരത്തിലെത്തി. എങ്കിലും ഭാഗ്യം കൊണ്ട് ഭീകരൻ തന്നെ കണ്ടില്ല. ആളുകൾ വെടിയേറ്റ് നിലംപതിക്കുന്നതിന്റെയും മരണ വെപ്രാളത്തിൽ പിടയുന്നതിന്റെയും ദൃശ്യങ്ങൾ ഭയാനകമായിരുന്നു. ഭീകരൻ ശിരസ്സിൽ ഹെൽമറ്റ് ധരിച്ചിരുന്നു. ശിരസ്സിന്റെ മുൻഭാഗത്തായി ക്യാമറയുമുണ്ടായിരുന്നു. ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചാണ് ഭീകരൻ ആക്രമണം നടത്തിയത്. ഇതിലെ വെടിയുണ്ടകൾ തീർന്നതോടെ അരപ്പട്ടയിൽ ബന്ധിച്ച ബെൽറ്റിൽ നിന്ന് വെടിയുണ്ടകൾ പുറത്തെടുത്ത് തോക്കിൽ നിറച്ച് വീണ്ടും വെടിവെപ്പ് ആരംഭിച്ചു. വെടിവെപ്പിന്റെ ശബ്ദം മൈക്കിലൂടെ എല്ലായിടത്തും മുഴങ്ങിക്കേട്ടത് മസ്ജിദിനകത്ത് പ്രകമ്പനം സൃഷ്ടിച്ചു.
ഇത് ഒന്നിലധികം അക്രമികളാണ് വെടിവെപ്പ് നടത്തുന്നതെന്ന തോന്നൽ തന്നിലുണ്ടാക്കി. മസ്ജിദിന്റെ ഇടതും വലതും വെടിയേറ്റ് വീണ ആളുകളുടെയും പരിക്കേറ്റവരുടെയും ഭീതിയാലാഴ്ന്നവരുടെയും കൂട്ടക്കരച്ചിലുകളായിരുന്നു. ഇക്കൂട്ടത്തിൽ ചിലർ സത്യസാക്ഷ്യവാക്യം ഉരുവിട്ടും തക്ബീർ ചൊല്ലിയും അന്ത്യശ്വാസം വലിച്ചു. വെടിവെപ്പിനിടെ പുറത്തിറങ്ങിയ ഭീകരൻ മറ്റൊരു തോക്കുമായി തിരിച്ചെത്തി വിശ്വാസികളെ പിന്തുടർന്ന് വെടിവെക്കാൻ ആരംഭിച്ചു. സത്യസാക്ഷ്യവാക്യം ചൊല്ലിയും മറ്റും ശബ്ദമുണ്ടാക്കിയവരെ മുഴുവൻ ഭീകരൻ തെരഞ്ഞ് പിടിച്ചും പിന്തുടർന്നും ശിരസ്സുകൾക്കു നേരെ നിറയൊഴിച്ചു. ഈ സമയത്തെല്ലാം താൻ മിമ്പറിൽ തന്നെയായിരുന്നു. തന്റെ ജീവൻ പൊലിഞ്ഞാൽ നാലു പെൺമക്കൾക്ക് എന്താണ് സംഭവിക്കുക എന്നാണ് അന്നേരം ആലോചിച്ചത്. മസ്ജിദിലെ പ്രസംഗ പീഠത്തിൽ (മിമ്പർ) ഇരിക്കുകയായിരുന്ന തന്റെ തൊട്ടടുത്തു വരെ ഭീകരൻ എത്തി. എന്നാൽ തന്നെ ഭീകരൻ കണ്ടില്ല. തല പരമാവധി താഴ്ത്തി സത്യസാക്ഷ്യവാക്യം ആവർത്തിച്ച് ഉരുവിട്ടാണ് താൻ ഭീകരരൻ മസ്ജിദിൽ നിന്ന് പുറത്തു പോകുന്നതു വരെ കഴിഞ്ഞത്.
വെടിയേറ്റ് മേൽക്കുമേൽ വീണുകിടന്ന ആളുകൾക്കു നേരെ വരെ ഭീകരൻ നിറയൊഴിച്ചു. തന്നെയും ഭീകരൻ കൊല്ലാതെ വിടില്ലെന്നും മിനിറ്റുകൾക്കകം താനും ഈ ലോകത്തു നിന്ന് വിടപറയേണ്ടിവരുമെന്നും ഉറപ്പിച്ച് ശിരസ്സ് പരമാവധി താഴ്ത്തിപ്പിടിച്ച് സത്യസാക്ഷ്യവാക്യം ഉരുവിടുന്നത് തുടർന്നു. അക്രമി മസ്ജിദിൽ നിന്ന് പുറത്തുപോയ ശേഷം ആരെങ്കിലും ജീവനോടെ ബാക്കിയുണ്ടോയെന്ന് വിശ്വാസികളിൽ ഒരാൾ ഉച്ചത്തിൽ വിളിച്ചു ചോദിച്ചപ്പോഴാണ് പ്രസംഗപീഠത്തിൽ നിന്ന് എഴുന്നേറ്റ് താൻ ഉത്തരം നൽകിയത്. അപ്പോഴേക്കും മസ്ജിനകത്ത് വെടിവെപ്പു മൂലം പുക നിറഞ്ഞിരുന്നു. എല്ലായിടത്തും മൃതദേഹങ്ങളും പരിക്കേറ്റവരുമായിരുന്നു. കൊല്ലപ്പെട്ടവരുടെ വാച്ചുകളും മൊബൈൽ ഫോണുകളും പഴ്‌സുകളും അടക്കമുള്ള വസ്തുക്കളും നാലുപാടും ചിതറിക്കിടക്കുകയായിരുന്നു.
ഇതിനിടെ കാലിൽ വെടിയേറ്റ വിശ്വാസി ഒരു മൃതദേഹത്തിന്റെ അടിയിൽ നിന്ന് നിരങ്ങിനീങ്ങി പുറത്തു വന്നു. മുകളിലുള്ളയാളുടെ ശിരസ്സ് വെടിവെപ്പിൽ തകർന്ന് തലച്ചോറ് ഇയാളുടെ മുതുകിൽ ചിതറിത്തെറിച്ചിരുന്നു. ഈ കാഴ്ചകൾ ജീവിതാവസാനം വരെ തന്റെ മനസ്സിൽ നിന്ന് മായില്ല. മസ്ജിദിന്റെ അവസാന ഭാഗത്ത് ഗോവണിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭീകരന്റെ തോക്ക് പിന്നീട് കണ്ടെത്തി. മനസ്സിലാകാത്ത ഭാഷയിൽ വെള്ള നിറത്തിൽ രേഖപ്പെടുത്തിയ എഴുത്തുകളും പേരുകളും തോക്കിൽ കണ്ടെത്തി.
ലിൻവുഡ് മസ്ജിദിലേക്ക് ഭീകരൻ നീങ്ങിയതോടെ ആളുകളോട് പുറത്തിറങ്ങുന്നതിന് സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിൽ 42 പേർക്കാണ് പരിക്കേറ്റത്. വിശ്വാസികൾക്കു നേരെ ഭീകരൻ 420 വെടിയുണ്ടകൾ പായിച്ചു. ഒരാഴ്ചക്കാലം അൽനൂർ മസ്ജിദിൽ നമസ്‌കാരങ്ങൾ മുടങ്ങി. ആക്രമണത്തിന്റെ അവശിഷ്ടങ്ങളും അടയാളങ്ങളും നീക്കം ചെയ്ത് മസ്ജിദ് പുനഃസജ്ജീകരിച്ച ശേഷമാണ് നമസ്‌കാരം പുനരാരംഭിച്ചത്. സി.സി.ടി.വി സ്ഥാപിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയും ചെയ്ത് ദുഹ്ർ നമസ്‌കാരമാണ് ആദ്യമായി മസ്ജിദിൽ നിർവഹിച്ചത്. മസ്ജിദിന് സുരക്ഷ ഒരുക്കുന്നതിനും എമർജൻസി കവാടങ്ങൾ നിർമിക്കുന്നതിനും ആളുകൾ സംഭാവന ചെയ്യുന്നുണ്ട്. മുസ്‌ലിം വേൾഡ് ലീഗ് സഹായത്തോടെ മസ്ജിദിൽ പുതിയ കാർപറ്റുകൾ വിരിച്ചു. ക്രൈസ്റ്റ്ചർച്ചിൽ ഇസ്‌ലാമിക് എലിമെന്ററി, ഇന്റർമീഡിയറ്റ്, സെക്കണ്ടറി സ്‌കൂളുകൾ നിർമിച്ചു നൽകുമെന്നും മുസ്‌ലിം വേൾഡ് ലീഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ന്യൂസിലാന്റിലെ മുസ്‌ലിം വേൾഡ് ലീഗ് പ്രതിനിധികൾ ബന്ധപ്പെട്ടാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിനുള്ള അവസരം തേടിയെത്തിയ കാര്യം തന്നെ അറിയിച്ചത്. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അടക്കം ആകെ 200 പേരാണ് സൽമാൻ രാജാവിന്റെ അതിഥികളായി ഹജിനെത്തിയിരിക്കുന്നത്. ന്യൂസിലാന്റ് ജനത സമാധാന പ്രിയരും മറ്റുള്ളവരെ സ്‌നേഹിക്കുന്നവരുമാണ്. ഭീകരാക്രമണത്തിനു ശേഷം മുസ്‌ലിം സമൂഹത്തോടുള്ള വലിയ അനുകമ്പയും അനുഭാവവും ഭീകരാക്രമണങ്ങളിൽ മരണപ്പെട്ടവരോടുള്ള ദുഃഖവും ന്യൂസിലാന്റ് ജനത പ്രകടിപ്പിച്ചു. മുസ്‌ലിംകളെ പോലെ തന്നെ ന്യൂസിലാന്റ് ജനതയും ഭീകരാക്രമണത്തിൽ വേദനിച്ചു. പരസ്പര സ്‌നേഹത്തിലും കരുണയിലും അനുകമ്പയിലും മുസ്‌ലിംകൾ ഒറ്റ ശരീരം പോലെയാണെന്ന പ്രവാചക വചനം മുസ്‌ലിം അല്ലാതിരുന്നിട്ടു കൂടി ന്യൂസിലാന്റ് പ്രധാനമന്ത്രി അനുശോചന പ്രസംഗത്തിൽ ഉദ്ധരിച്ചു. പ്രവാചകന്റെ പേര് ഉച്ചരിച്ചപ്പോൾ അവർ പ്രവാചകന്റെ മേൽ സ്വലാത്ത് (പ്രാർഥന) ചൊല്ലുകയും ഹിജാബ് ധരിക്കുകയും ചെയ്തു. ഭീകരാക്രമണം നടന്നതിന്റെ രണ്ടാമത്തെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ അമുസ്‌ലിം പോലീസുകാരിൽ ഒരാൾ ഹിജാബ് ധരിച്ചതായി താൻ കണ്ടു. ഹിജാബ് സ്ത്രീകൾക്കുള്ളതാണെന്നും പുരുഷന്മാർക്കുള്ളതല്ലെന്നും പോലീസ് ഉദ്യോഗസ്ഥനോട് താൻ പറഞ്ഞു. എന്നാൽ ഒറ്റ ശരീരത്തെ പോലെ ഞാനും മുസ്‌ലിംകൾക്കൊപ്പമാണെന്ന ഉറച്ച സന്ദേശം നൽകുന്നതിനാണ് താൻ ഹിജാബ് ധരിച്ചതെന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും ഇമാം ജമാൽ മുഖ്താർ മുഹമ്മദ് ഫോദ കൂട്ടിച്ചേർത്തു.