Sorry, you need to enable JavaScript to visit this website.

വൈവിധ്യം ഉള്‍ക്കൊള്ളണം, ഐക്യം നിലനിര്‍ത്തണം; ലോക മുസ്ലിംകളോട് ഹറം ഇമാം

മക്ക -  ലോക രാജ്യങ്ങളിൽ നിന്നെത്തിയ തീർഥാടക ലക്ഷങ്ങൾ വിശുദ്ധ ഹറമിൽ പെരുന്നാൾ നമസ്‌കാരത്തിൽ സംബന്ധിച്ചു. ശനിയാഴ്ച രാത്രി മുസ്ദിലഫയിൽ രാപ്പാർത്ത തീർഥാടകർ ഇന്നലെ പുലർച്ചെ തന്നെ ജംറത്തുൽ അഖബയിൽ കല്ലേറ് കർമം നടത്തി പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിന് വിശുദ്ധ ഹറമിലേക്ക് പ്രവഹിച്ചു. ചിലർ തല മുണ്ഡനം ചെയ്തും മറ്റു ചിലർ മുണ്ഡനം ചെയ്യാൻ കാത്തുനിൽക്കാതെയും വാഹനങ്ങളിലും കാൽനടയായും ഹറമിലേക്ക് ഒഴുകി. മക്ക നിവാസികളും ഹജ് തീർഥാടകരും ഒഴുകിയെത്തിയതോടെ പെരുന്നാൾ നമസ്‌കാരത്തിനു ഏറെ മുമ്പു തന്നെ ഹറം നിറഞ്ഞുകവിഞ്ഞിരുന്നു. 
വിശുദ്ധ ഹറമിൽ ഇമാം ശൈഖ് ഡോ. സൗദ് അൽശുറൈം പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി. ഐക്യത്തിന്റെയും ഇണക്കത്തിന്റെയും സഹകരണത്തിന്റെയും മാതൃകയാണ് വിശുദ്ധ ഹജ് കർമം ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നതെന്ന് ഹറം ഇമാം പെരുന്നാൾ നമസ്‌കാരത്തോടനുബന്ധിച്ച് നടത്തിയ ഉദ്‌ബോധന പ്രസംഗത്തിൽ പറഞ്ഞു. ഇസ്‌ലാം മനുഷ്യരെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. ആളുകളെ ഇസ്‌ലാം ഭിന്നിപ്പിക്കുന്നില്ല. ഭാഷ, വർണ, വംശ വൈജാത്യങ്ങൾ അറഫയിൽ ഒരുമിച്ചു കൂടുന്നതിന് മുസ്‌ലിംകൾക്ക് വിലങ്ങുതടിയാകുന്നില്ല. ഒരേ വേഷവിധാനങ്ങളോടെ ഒരേ മുദ്രാവാക്യം മുഴക്കി ഒരേ രക്ഷിതാവിന്റെ സാമീപ്യമാണ് എല്ലാവരും തേടുന്നത്. 
സത്യമാർഗത്തിൽ ഒരുമിച്ചു നിൽക്കൽ അനുഗ്രഹമാണ്. ഭിന്നത ദൗർഭാഗ്യം കൊണ്ടുവരും. വൈവിധ്യത്തിന്റെ വൈജാത്യം ഉൾക്കൊള്ളുന്നതിന് മുസ്‌ലിംകൾ മാനസികമായി പാകപ്പെടണം. ഐക്യത്തിന് വിശ്വാസികൾ മുൻഗണന നൽകുകയും വേണം. പ്രതിഫലത്തിനും ശിക്ഷക്കും സമൂഹവും വ്യക്തികളും സന്തുലനം നൽകണം. പ്രതിഫലത്തിനും ശിക്ഷക്കും തുല്യപ്രധാന്യമാണ് നൽകേണ്ടത്. ആരാധനാ കർമങ്ങളിലും ഇടപാടുകളിലും ശിക്ഷണത്തിലും ചിന്തകളിലും കുടുംബങ്ങളിലും പരിസ്ഥിതിയിലും സാമ്പത്തിക മേഖലയിലും മാധ്യമപ്രവർത്തന മേഖലയിലുമെല്ലാം ഇക്കാര്യം വിശ്വാസികൾ പാലിക്കണം. ഇതിൽ ഏതെങ്കിലും ഒരു ഭാഗത്തിന് അമിത പ്രാധാന്യം നൽകുന്നത് സമൂഹത്തിൽ അപകടമുണ്ടാക്കും. ഇതുകൊണ്ടാണ് മുസ്‌ലിം സമുദായത്തെ മിതവാദ സമുദായമെന്ന് അല്ലാഹു വിശേഷിപ്പിച്ചതെന്നും ഹറം ഇമാം പറഞ്ഞു. 
മസ്ജിദുന്നബവിയിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ അടക്കം വിശ്വാസി ലക്ഷങ്ങൾ പങ്കുകൊണ്ടു. ശൈഖ് അബ്ദുൽബാരി അൽസുബൈതി നമസ്‌കാരത്തിന് നേതൃത്വം നൽകി. മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിക്കണമെന്ന് മസ്ജിദുന്നബവി ഇമാം ഉണർത്തി. ഹൃദയവിശുദ്ധി പാലിക്കലും നല്ലതു പറയലും നല്ല സംവാദവും വിജ്ഞാനം പ്രയോജനപ്പെടുത്തലും അനീതിയും അക്രമവും ഒഴിവാക്കലും പട്ടിണിക്കാർക്ക് ഭക്ഷണം നൽകലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കലും കൈക്കൂലിയിൽ നിന്നും കവർച്ചയിൽ നിന്നും വിട്ടുനിൽക്കലും സ്ത്രീകളെ മാനിക്കലും കുഴപ്പങ്ങളിൽ നിന്ന് വിട്ടുനിൽക്കലും കുടുംബ ബന്ധം പാലിക്കലും മാതാപിതാക്കളോട് നന്മ ചെയ്യലും നിർബന്ധ ആരാധനാ കർമങ്ങൾ നിർവഹിക്കലും നിഷിദ്ധ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലും മൂല്യങ്ങളുടെ ഭാഗമാണ്. ഇത്തരം മൂല്യങ്ങൾ പാലിക്കുന്നത് രാജ്യത്ത് സുരക്ഷാ ഭദ്രതയും സമാധാനവും ശക്തമാക്കുകയും കുഴപ്പങ്ങൾ ഇല്ലാതാക്കുകയും അക്രമവും അനീതിയും ശത്രുതയും അടക്കമുള്ള സാമൂഹിക, പെരുമാറ്റ രോഗങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കുകയും ചെയ്യുമെന്ന് മസ്ജിദുന്നബവി ഇമാം ശൈഖ് അബ്ദുൽബാരി അൽസുബൈതി പറഞ്ഞു. ഹജ് തീർഥാടകരുടെ തിരക്കൊഴിഞ്ഞത് മുതലെടുത്ത് ജിദ്ദ അടക്കം സൗദിയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് മസ്ജിദുന്നവിയിൽ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നതിനും മദീന സിയാറത്ത് നടത്തുന്നതിനും ആയിരങ്ങളെത്തിയിരുന്നു. 
റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ആക്ടിംഗ് ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ പങ്കെടുത്തു. സുപ്രീം ജുഡീഷ്യൽ ഇൻസ്റ്റിറ്റിയൂട്ട് പ്രൊഫസർ ശൈഖ് അബ്ദുല്ല ആലുശൈഖ് നമസ്‌കാരത്തിന് നേതൃത്വം നൽകി. രാജ്യത്തെ പ്രധാന മസ്ജിദുകളിലും ആയിരക്കണക്കിന് ഈദു ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരങ്ങളിളേക്ക് വിശ്വാസികൾ കൂട്ടത്തോടെ ഒഴുകിയെത്തി. പ്രവിശ്യാ ഗവർണർമാരെ സന്ദർശിച്ച് പൗരപ്രമുഖരും നാട്ടുകാരും പെരുന്നാൾ ആശംസകൾ നേർന്നു. 


 

Latest News