Sorry, you need to enable JavaScript to visit this website.

ഹാജിമാര്‍ക്ക് സര്‍വ സേവനങ്ങളും നല്‍കി; അല്ലാഹു ചൊരിഞ്ഞ മഹത്തായ അനുഗ്രഹമെന്ന് രാജാവ്

മിനാ  - മുഴുൻ ഹജ് തീർഥാടകരെയും സൗദി അറേബ്യ സ്വാഗതം ചെയ്തതായും ഹജ് കർമം നിർവഹിക്കുന്നതിന് തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സൗദി അറേബ്യ ഒരുക്കിയതായും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു.

രാജകുമാരന്മാരെയും സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖിനെയും പണ്ഡിതരെയും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളെയും മന്ത്രിമാരെയും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സൈനിക, സുരക്ഷാ വകുപ്പ് മേധാവികളെയും സ്‌കൗട്ട് ലീഡർമാരെയും മിന കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. 


ഈ രാജ്യത്തിനു മേൽ നിരവധി അനുഗ്രഹങ്ങൾ അല്ലാഹു ചൊരിഞ്ഞിരിക്കുന്നു. ഇരു ഹറമുകളുടെയും പരിചരണ ചുമതലയും ഹജ്, ഉംറ തീർഥാടകർക്ക് സേവനം നൽകുന്ന ചുമതലയും നൽകി ഈ രാജ്യത്തെ അല്ലാഹു ആദരിച്ചിരിക്കുന്നു. ദൈവീക പ്രീതി കാംക്ഷിച്ച് ഈ രംഗത്തുള്ള കർത്തവ്യം സൗദി അറേബ്യ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകരെയും സൗദി അറേബ്യ സ്വാഗതം ചെയ്തു. പ്രയാസരഹിതമായും സുരക്ഷിതമായും സമാധാനത്തോടെയും കർമങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും തീർഥാടകർക്ക് ഒരുക്കിയിട്ടുണ്ട്. 


മുഴുവൻ സർക്കാർ വകുപ്പുകളും നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് ഇത് സാധ്യമായത്. ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും രാജ്യത്തിന് സംരക്ഷണം നൽകുന്നതിനും വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷാ, സൈനിക വകുപ്പുകൾ നടത്തുന്ന പ്രയത്‌നങ്ങളെയും പോരാട്ട ഭൂമിയിൽ നടത്തുന്ന ജീവത്യാഗങ്ങളെയും ഈ സുദിനത്തിൽ പ്രശംസിക്കുകയാണ്. സുരക്ഷാ സൈനികർ നടത്തുന്ന ജീവത്യാഗങ്ങൾ എക്കാലവും രാജ്യത്തിന് അഭിമാനം നൽകുന്നതായും സൽമാൻ രാജാവ് പറഞ്ഞു.


തീർഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സുരക്ഷാ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറൽ ഖാലിദ് അൽഹർബി ചടങ്ങിൽ സംസാരിച്ചു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയും ചടങ്ങിൽ സംബന്ധിച്ചു.


സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ, അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരൻ, ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ, ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ, അൽജൗഫ് ഗവർണർ ഫൈസൽ ബിൻ നവാഫ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 

Latest News