തിരുവനന്തപുരം- കേരള യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിന്റെ സുരക്ഷിതത്വം പരിശോധിക്കാൻ എത്തിക്കൽ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം എക്‌സാം സർവറിലേക്ക് ഈസിയായി നുഴഞ്ഞുകയറിയ ഹാക്കർമാർ വൻ സുരക്ഷാ വീഴ്ചയാണ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. ചോദ്യ പേപ്പറുകൾ സൂക്ഷിക്കുന്ന ക്വസ്റ്റ്യൻ സർവറിലേക്കു ഹാക്കർമാർ കടന്നു കയറിയില്ലെങ്കിലും സുരക്ഷാ പരിശോധനയുടെ ഭാഗമായി ഓൺലൈൻ ചോദ്യ പേപ്പർ വിതരണ നടപടികൾ നിർത്തിവെച്ചു. മറ്റു പരീക്ഷാ നടപടികൾക്ക് പ്രശ്‌നമുണ്ടാകില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് പിഴവുകൾ ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായി എത്തിക്കൽ ഹാക്കർമാർ സൈറ്റ് ഹാക്ക് ചെയ്തത്. നിരവധി തവണ കേരള യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിനു നേർക്ക് പാക് ഹാക്കർമാരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. തുടർന്നാണ് സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിക്കൽ ഹാക്കർമാർ സൈറ്റിൽ നുഴഞ്ഞു കയറിയത്. സുരക്ഷാവീഴ്ചകൾ ബോധ്യമായതിനെ തുടർന്നു കേരള പോലീസിന്റെ സൈബർ ഡോം വിഭാഗത്തെ അറിയിച്ചു. പരിശോധനയിൽ വീഴ്ചകൾ ബോധ്യമായതിനെത്തുടർന്നു അവർ കേരള യൂണിവേഴ്‌സിറ്റിയെ വിവരമറിയിച്ചതിനെ തുടർന്നാണ് ഓൺലൈൻ ചോദ്യ പേപ്പർ വിതരണ നടപടികൾ നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.
കേരള യൂണിവേഴ്‌സിറ്റിക്ക് ക്വസ്റ്റ്യൻ, എക്‌സാം, മെയിൻ, അഡ്മിനിസ്‌ട്രേഷൻ എന്നീ നാല് സർവറുകളാണുള്ളത്. ഇതിൽ എക്‌സാം സർവറിലാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ചോദ്യ പേപ്പറുകൾ സൂക്ഷിക്കുന്നത് ഈ സർവറിലല്ലെങ്കിലും അതിലേക്ക് കടക്കാൻ കഴിയുന്ന തരത്തിലുള്ള വീഴ്ചയാണ് കണ്ടെത്തിയത്. ശരിയായ അപ്‌ഡേഷൻ നടക്കാത്തതാണ് സുരക്ഷാ വീഴ്ചയിലേക്ക് നയിച്ചതെന്നു ആക്ഷേപമുണ്ട്. 2011 ലാണ് സെർവറിൽ പരിശോധനകൾ നടന്നത്. പുതിയ സർവറുകൾ സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റിക്കും താത്പര്യമില്ല. പഴയ ഉപകരണങ്ങൾ ഉപയോഗിക്കാനാണ് ഉദ്യോഗസ്ഥരോട് യൂണിവേഴ്‌സിറ്റി ആവശ്യപ്പെടുന്നത്.
കേരള യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പേജ് കഴിഞ്ഞ മാസം പാക്കിസ്ഥാൻ ഹാക്കർമാർ തകർത്തിരുന്നു. ഇതിനു ശേഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ യൂണിവേഴ്‌സിറ്റി തയാറായിട്ടില്ല എന്നാണ് തുടർ സംഭവങ്ങൾ വ്യക്തമാക്കുന്നത്.