നെടുമ്പാശ്ശേരി- പ്രളയത്തെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ഇന്ന് ഉച്ചയ്ക്ക് 12.15 ന് അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ആദ്യമെത്തിയത്. കഴിഞ്ഞ ഒൻപതിന് രാത്രി ഒൻപതിനാണ് വിമാനത്താവളം താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വിവിധ അഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. രാവിലെ 9 മണിക്ക് അന്താരാഷ്ട്ര അഭ്യന്തര ടെർമിനലുകളിൽ ചെക്ക് ഇൻ നടപടികൾ ആരംഭിച്ചിരുന്നു. പെരിയാറിൽ ജലനിരപ്പ് ഉയർന്ന് റൺവെയിൽ വെള്ളം കയറിയതിനെ തുടർന്നാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. സാധാരണയായി നെടുമ്പാശേരിയിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്നും ദിനംപ്രതി 88 ലാന്റിംഗും 88 ടെയ്ക്ക് ഓഫും ആഭ്യന്തര ടെർമിനലിൽ നിന്ന് 150 ലാന്റിംഗും 150 ടെയ്ക് ഓഫും നടന്നു വന്നിരുന്നു. സർവ്വീസുകൾ നാളെ മുതൽ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.