കൊച്ചി- കേരളത്തിലുണ്ടായ പ്രളയത്തിനിടെ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടെന്ന് നടി പാർവതി തിരുവോത്ത്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും പാർവതി ആവശ്യപ്പെട്ടു.
ഇക്കാര്യം അറിഞ്ഞയുടൻ പ്രസ്തുത പേജുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും പാർവതി പറഞ്ഞു. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി എന്നും പാർവതി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് !