Sorry, you need to enable JavaScript to visit this website.

പുത്തുമലയിൽ ഒരു മൃതദേഹം കൂടി കിട്ടി;  കണ്ടെത്താനുള്ളത് ഏഴു  പേരെ

കൽപറ്റ- മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് മലയിൽ വ്യാഴാഴ്ച ഉരുൾപൊട്ടിയതിനെത്തുടർന്നു മണ്ണിനടിയിലായ പുത്തുമലയിൽനിന്നു ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹാരിസൺസ് തേയിലത്തോട്ടം തൊഴിലാളി ശെൽവന്റെ ഭാര്യ റാണിയുടെ(57)മൃതദേഹമാണ് ഇന്നലെ രാവിലെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ എസ്റ്റേറ്റുപാടി പരിസരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. 
10-12 അടി ഉയരത്തിൽ കല്ലും മണ്ണം മരക്കഷണങ്ങളും അടിഞ്ഞ പുത്തുമലയിൽനിന്നു ഇന്നലെ വരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഔദ്യോഗിക കണക്കനുസരിച്ചു ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. കണ്ണൂർ ടെറിറ്റോറിയിൽ ആർമിയുടെയും കേന്ദ്ര ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് പുത്തുമലയിൽ തെരച്ചിൽ. പോലീസ്, വനം സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. 
ഉരുൾപൊട്ടലിൽ മരിച്ച പുത്തുമല  സ്വദേശികളായ കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ(23), മണ്ണിൽവളപ്പിൽ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് മിസ്തഹ്(മൂന്നര),എടക്കണ്ടത്തിൽ മുഹമ്മദിന്റെ മകൻ അയ്യൂബ്(44), ചോലശേരി ഇബ്രാഹിം(38), കാക്കോത്തുപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഖാലിദ്(42), കക്കോത്തുപറന്വിൽ ജുനൈദ്(20), പുത്തുമല ശെൽവൻ, തമിഴ്‌നാട് പൊള്ളാച്ചി ശെൽവകുമാറിന്റെ മകൻ കാർത്തിക്(27)എന്നിവരുടെ മൃതദേഹങ്ങൾ  വെള്ളിയാഴ്ച  കണ്ടെത്തിയിരുന്നു. ശനിയാഴ്ച പുത്തുമല തേയിലത്തോട്ടം തൊഴിലാളി മുണ്ടേക്കാട്ട് ചന്ദ്രന്റെ ഭാര്യ അജിതയുടെ(46) മൃതദേഹം കണ്ടെടുത്തു. 
റവന്യൂ, പോലീസ്, ഹാരിസൺസ് കമ്പനി  ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും യോജിച്ചു നടത്തിയ പരിശോധനയനുസരിച്ച് പുത്തുമല നാച്ചിവീട്ടിൽ അവറാൻ(68), കണ്ണൻകാടൻ അബൂബക്കർ(62), എടക്കണ്ടത്തിൽ നബീസ(72),  സുവർണയിൽ ലോറൻസിന്റെ ഭാര്യ ഷൈല(32), മുത്താറത്തൊടി ഹംസ(62), പുത്തുമല എസ്റ്റേറ്റ് സ്റ്റോർ കീപ്പർ അണ്ണയ്യ(56), തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കർ(26) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. അതേസമയം ഇതിലും അധികം പേർ മണ്ണിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് പുത്തുമലയിൽനിന്നു മേപ്പാടി ഗവ.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിയ തൊഴിലാളികൾ പറയുന്നത്. കാണാതായവരുടെ ഔദ്യോഗിക പട്ടികയിലുള്ളതിൽ ഷൈല, അണ്ണയ്യ എന്നിവർ എസ്റ്റേറ്റ് പാടിയിൽ ഉണ്ടായിരുന്നവരാണ്. തകർന്ന എസ്റ്റേറ്റ് കാന്റീനിലായിരുന്നു നബീസ. മണ്ണിൽ പുതഞ്ഞ കാറിലാണ് അവറാനും അബൂബക്കറും ഉണ്ടായിരുന്നത്. കാർ കണ്ടെത്താനായിട്ടില്ല. പുത്തുമല എസ്റ്റേറ്റ് വെൽഫെയർ ഓഫീസർ തമിഴ്‌നാട് സ്വദേശി എ. ശിവയുടെ ക്വാർട്ടേഴ്‌സിൽ വിശ്രമിക്കുന്നതിനിടെയാണ് പൊള്ളാച്ചി സ്വദേശി ഗൗരിശങ്കർ അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽനിന്നു പുത്തുമലയിൽ വെൽഫെയർ ഓഫീസറുടെ അതിഥികളായി എത്തിയ അഞ്ചംഗ സംഘത്തിലുള്ളതാണ് ഗൗരിശങ്കർ. ഇതേസംഘത്തിലെ അംഗമാണ്  മരണമടഞ്ഞ കാർത്തിക്. ഉരുൾപൊട്ടിയപ്പോൾ ഹംസ എവിടെയായിരുന്നുവെന്നതിൽ വ്യക്തതയില്ല. 


 

Latest News