മിനാ - മിനായിലും അറഫിലുമായി മൂന്നര ലക്ഷത്തിലേറെ തമ്പുകളുള്ളതായി ഹജ്, ഉംറ മന്ത്രാലയ വക്താവ് ഹാതിം ഖാദി പറഞ്ഞു. ആറു ലക്ഷം ഹാജിമാർക്ക് കാറ്ററിംഗ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ഒന്നര ലക്ഷത്തിലേറെ തീർഥാടകർ നേരിട്ട് അറഫയിലെത്തുകയായിരുന്നു.
ഹജ് തീർഥാടകർ സഞ്ചരിക്കുന്ന ബസുകൾ നിരീക്ഷിക്കുന്നതിന് ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങളുള്ള കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ബസ് സർവീസുകളുടെ കാര്യക്ഷമത ഉയർത്തുന്നതിന് ഇതിലൂടെ സാധിച്ചു. ഈ വർഷം ഹാജിമാർക്ക് യാത്രാ സൗകര്യം നൽകുന്ന ബസുകളിൽ അര ശതമാനത്തിൽ കുറവ് മാത്രമാണ് യാത്രക്കിടെ കേടായത്.
മുൻ വർഷങ്ങളിൽ ഇത് ആറു ശതമാനം വരെയായിരുന്നു. ഹജ് തീർഥാടകർ പുണ്യസ്ഥലങ്ങളിലേക്ക് പുറപ്പെട്ട ശേഷം മക്കയിൽ ഹാജിമാർ തങ്ങിയിരുന്ന മുഴുവൻ കെട്ടിടങ്ങളും പരിശോധിച്ച് തീർഥാടകർ ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. മുഴുവൻ വിദേശ തീർഥാടകരും ഹജ് നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുള്ള പതിവ് നടപടിയാണിത്. പുണ്യസ്ഥലങ്ങളിലെ തമ്പുകളിൽ തീർഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും ഹാതിം ഖാദി പറഞ്ഞു.