മക്ക - ഭക്തിനിർഭരമായ ചടങ്ങിൽ വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു. റെക്കോർഡ് സമയത്തിനുള്ളിലാണ് കഅ്ബാലയത്തെ പുതിയ പുടവ അണിയിച്ചത്. കിസ്‌വ മാറ്റൽ ചടങ്ങ് രണ്ടര മണിക്കൂറിനകം പൂർത്തിയായി. കഴിഞ്ഞ കൊല്ലം മൂന്നു മണിക്കൂറെടുത്തിരുന്നു.
ഉമ്മുൽജൂദ് ഡിസ്ട്രിക്ടിലെ കിംഗ് അബ്ദുൽ അസീസ് കിസ്‌വ ഫാക്ടറി കോംപ്ലക്‌സിൽ മാസങ്ങളെടുത്ത് നിർമിച്ച പുതിയ പുടവ കഅ്ബാലയത്തെ അണിയിക്കുന്നതിനുള്ള ജോലികൾ ഇന്നലെ പുലർച്ചെയാണ് ഹറംകാര്യ വകുപ്പ് ജീവനക്കാരും കിസ്‌വ ഫാക്ടറി ജീവനക്കാരും അടക്കമുള്ള 160 പേർ ആരംഭിച്ചത്.
കഅ്ബാലയത്തിന്റെ നാലു ഭാഗത്തും പുതിയ കിസ്‌വയുടെ കഷ്ണങ്ങൾ തൂക്കി ഇവയെ പരസ്പരം തുന്നിച്ചേർക്കുകയായിരുന്നു. ഇതിനു ശേഷം കിസ്‌വയിൽ മുകൾ ഭാഗത്തുള്ള ബെൽറ്റ് തുന്നിച്ചേർത്തു. തുടർന്നാണ് കഅ്ബാലയത്തിന്റെ കവാടത്തിലുള്ള കർട്ടൻ തൂക്കിയത്. ഹജ് സീസണിലെ കടുത്ത തിരക്ക് കണക്കിലെടുത്ത് പുതിയ കിസ്‌വയും ഉയർത്തിക്കെട്ടിയിട്ടുണ്ട്. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തിയ തീർഥാടക ലക്ഷങ്ങൾ അറഫയിൽ സംഗമിക്കുകയും വിശുദ്ധ ഹറമിൽ തിരക്കൊഴിയുകയും ചെയ്യുന്ന ദുൽഹജ് ഒമ്പതിനാണ് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്നത്.
പുതിയ കിസ്‌വ അണിയിച്ച ശേഷമാണ് പഴയ കിസ്‌വ അഴിച്ചുമാറ്റിയതെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി അഹ്മദ് അൽമൻസൂരി പറഞ്ഞു. 670 കിലോ അസംസ്‌കൃത പട്ടും 120 കിലോ സ്വർണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഇരുനൂറോളം പേർ കിസ്‌വ ഫാക്ടറിയിൽ ജോലി ചെയ്യുന്നു. ഇവരെല്ലാവും സൗദികളാണെന്നും അഹ്മദ് അൽമൻസൂരി പറഞ്ഞു.
പ്രകൃതിദത്തമായ പട്ട് ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റിമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള പതിനാറു കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും. ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടനാണ്. കർട്ടന് 6.32 മീറ്റർ നീളവും 3.30 മീറ്റർ വീതിയുമുണ്ട്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. ഒരു കിസ്‌വ നിർമിക്കുന്നതിന് എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. കിസ്‌വ നിർമാണത്തിന് രണ്ടേകാൽ കോടിയിലേറെ റിയാൽ ചെലവു വരുന്നുണ്ടെന്നാണ് കണക്ക്.