Sorry, you need to enable JavaScript to visit this website.

ഹജ് വിജയം അസൂയാലുക്കൾക്കുള്ള മറുപടി -ഖാലിദ് അൽഫൈസൽ

മിനായിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഖാലിദ് അൽഫൈസൽ രാജകുമാരൻ സംസാരിക്കുന്നു.

മിനാ - ഹജ് സംഘാടന വിജയവും ഇതിനു വേണ്ടി നടത്തുന്ന അശ്രാന്ത കഠിന പ്രയത്‌നങ്ങളുമാണ് അസൂയാലുക്കൾക്കുള്ള സൗദി അറേബ്യയുടെ മറുപടിയെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. മിനായിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാലിദ് അൽഫൈസൽ രാജകുമാരൻ. 


ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ വില കുറച്ചുകാണിക്കുന്നവർ  മറുപടി അർഹിക്കുന്നില്ല. ഹാജിമാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് നടത്തുന്ന കഠിന പ്രയത്‌നങ്ങളും ഹജ് സംഘാടനത്തിന്റെ വൻ വിജയവുമാണ് അസൂയാലുക്കൾക്കുള്ള ഏക മറുപടി. തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് കഠിനാധ്വാനം നടത്തണമെന്നാണ് ഭരണാധികാരികൾ എന്നും നിർദേശിക്കുന്നത്. മക്കയിലും പുണ്യസ്ഥലങ്ങളിലും തീർഥാടകരോടുള്ള സുരക്ഷാ സൈനികരുടെ പെരുമാറ്റം എല്ലാവർക്കും അഭിമാനം നൽകുന്നതാണ്. 
പുണ്യസ്ഥലങ്ങളുടെ വികസനത്തിന് തയാറാക്കിയ പദ്ധതികളും ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ മക്ക റോയൽ കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയുംവിധം പുണ്യസ്ഥലങ്ങളിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന വെല്ലുവിളികളൊന്നുമില്ല. ഏറ്റവും മികച്ച പദ്ധതികൾ നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മക്കയെയും പുണ്യസ്ഥലങ്ങളെയും സ്മാർട്ട് സിറ്റികളാക്കി മാറ്റുന്നതിനാണ് ശ്രമം. ഇത് അസാധ്യമായ കാര്യമല്ല. ലോകത്ത് പല രാജ്യങ്ങളിലും സ്മാർട്ട് സിറ്റി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഭാവി തലമുറകളുടെ ആവശ്യങ്ങൾകൂടി കണക്കിലെടുത്തുള്ള നവീന പശ്ചാത്തല സൗകര്യങ്ങൾ പുണ്യസ്ഥലങ്ങളിൽ ഏർപ്പെടുത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. 
സൗദി അറേബ്യ പിൻപറ്റുന്ന വഴികളുടെ സുരക്ഷിതത്വവും വിജയവുമാണ് പുണ്യസ്ഥലങ്ങളിൽ പല നിഷേധാത്മക പ്രവണതകളും ഇല്ലാതാക്കിയത്. മുൻ വർഷങ്ങളിൽ സംഭവിച്ച വീഴ്ചകളും പോരായ്മകളും പരിഹരിക്കുന്നതിനും ആവർത്തിക്കാതെ നോക്കുന്നതിനും സൗദി അറേബ്യ ശ്രമിക്കുന്നു. 
ഓരോ വർഷത്തെയും ഹജിനിടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ പഠിക്കുന്നതിന് ഹജ് പൂർത്തിയായി ഒരാഴ്ചക്കു ശേഷം സെൻട്രൽ ഹജ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. സുപ്രീം ഹജ് കമ്മിറ്റി വർഷത്തിൽ രണ്ടു തവണ യോഗം ചേരുന്നു. ഹജ് പൂർത്തിയായ ഉടനെയും ഹജിനു മുമ്പും ആണ് സുപ്രീം ഹജ് കമ്മിറ്റി യോഗം ചേരുന്നത്. വിജയകരമായ ഹജ് സംഘാടനത്തിന് സൗദി അറേബ്യ നൽകുന്ന പ്രാധാന്യവും ശ്രദ്ധയുമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. 
സൈനിക, സിവിൽ ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം മൂന്നര ലക്ഷം പേർ ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 62,000 ലേറെ ഉപകരണങ്ങളും 7727 വാഹനങ്ങളും 2640 ബൈക്കുകളും 14,498 വയർലസ് ഉപകരണങ്ങളും 5337 കംപ്യൂട്ടറുകളും ഹജ് സേവന മേഖലയിൽ പ്രയോജനപ്പെടുത്തുന്നു. 
ഹാജിമാരെ സേവിക്കുന്നതിന് നാലായിരത്തിലേറെ വളണ്ടിയർമാരും പ്രവർത്തിക്കുന്നുണ്ട്. പുണ്യസ്ഥലങ്ങളുടെ പരിചരണത്തിനും ഇവിടങ്ങളിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനും ബില്യൺ കണക്കിന് റിയാലാണ് ഓരോ വർഷവും സൗദി അറേബ്യ ചെലവഴിക്കുന്നത്. 
തീർഥാടകരുടെ ആത്മീയ യാത്ര സുഖകരമാക്കുന്നതിനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു.
 

Latest News