പാലക്കാട്- കനത്ത മഴയെ തുടർന്ന് ഭവാനിപ്പുഴയുടെ തീരത്തെ അട്ടപ്പാടി പട്ടിമാളം തുരുത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. നദിക്ക് കുറുകെ കയർ കെട്ടി അതിസാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒരു പിഞ്ചുകുഞ്ഞും ഗർഭിണിയുമടക്കം അഞ്ച് പേരെ സുരക്ഷിതമായി മറുകരയിലെത്തിച്ചു. കുലംകുത്തി ഒഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ കയർ കെട്ടിയ ശേഷമാണ് മറുകരയിൽ എത്തിച്ചത്. ഡോക്ടർമാരെത്തി യുവതിക്ക് ആവശ്യമായ പരിചരണം നൽകി. നേരത്തെ ഒന്നരവയസുള്ള കുഞ്ഞിനെയും സമാനമായി ഇക്കരെയത്തിച്ചിരുന്നു.