Sorry, you need to enable JavaScript to visit this website.

തൃശൂരിൽ പ്രളയം ഭയന്ന്  പലായനം തുടങ്ങി

തൃശൂർ -  കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന് സമാനമായ സ്ഥിതിയിലേക്ക് തൃശൂർ ജില്ലയിൽ മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലയിടത്തു നിന്നും പലായനം തുടങ്ങി. കനത്ത മഴയും ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നതും പ്രളയത്തിന് സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങൾ. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും ജില്ലയിൽ മഴ കനക്കുകയാണ്.
ജില്ലയിലെ ചെറുതും വലുതുമായ ഡാമുകളുടെ ഷട്ടറുകൾ പലയിടത്തും തുറന്നിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ആളപായങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. 
പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലൊന്നായ തൂണക്കടവ് ഡാമിൽ നിന്ന് തമിഴ്‌നാട്ടിലേക്കു വെളളം കൊണ്ടുപോകുന്ന കനാൽ തകർന്നതിനാൽ തൂണക്കടവിൽ നിന്നും പെരിങ്ങൽകുത്തിലേക്കു വെള്ളം ഒഴുക്കിത്തുടങ്ങി. ഏകദേശം 400 ക്യൂബിക് മീറ്റർ  വെള്ളമാണ് പെരിങ്ങൽകുത്തിലേക്ക് എത്തുന്നത്. ഇതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് നിലവിലുള്ളതിൽ നിന്ന് ഒരടിയോളം ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. 
ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. തുമ്പൂർമൂഴി, അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. ആനമല റോഡിലൂടെ അതിരപ്പിള്ളി-മലക്കപ്പാറയിലേക്കുള്ള ഗതാഗതം നിരോധിച്ചു. പെരിങ്ങൽകുത്ത് വാഴച്ചാൽ കോളനികളിലെ ആദിവാസികളെ മാറ്റിപാർപ്പിച്ചു.  ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം, തലപ്പിള്ളി താലൂക്കുകളിലായി 145 കുടുബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇവിടങ്ങളിലായി ആകെ 536 ആളുകളാണുള്ളത്. 
പലയിടത്തും പമ്പ് ഹൗസുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പമ്പിംഗ് നിർത്തി വെച്ചിരിക്കുകയാണ്. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ വ്യാപകമായി നിലംപൊത്തിയതിനാൽ ജില്ലയുടെ മിക്ക ഭാഗങ്ങളിലും വൈദ്യുതി വിതരണം കഴിഞ്ഞ രണ്ടു ദിവസമായി നിലച്ചിരിക്കുകയാണ്.

 

Latest News