Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ കനത്ത മഴ തുടരുന്നു: 21,211  പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

  • പുത്തുമലയിൽ രക്ഷാപ്രവർത്തനം തുടരുന്നു

കൽപറ്റ -വയനാട്ടിൽ കനത്ത മഴ തുടരുന്നു. ഇന്നലെ വൈകുന്നരം നാലിനു അവസാനിച്ച 24 മണിക്കൂറിൽ ശരാശരി 243.44 മില്ലിമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. വൈത്തിരി-285 മില്ലിമീറ്റർ, ബത്തേരി 203 മില്ലിമീറ്റർ, മാനന്തവാടി 243 മില്ലിമീറ്റർ എന്നിങ്ങനെയാണ് താലൂക്കുതലത്തിൽ മഴയുടെ ശരാശരി അളവ്.  ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. കാരാപ്പുഴ അണയിൽ 759.4 ഉം ബാണാസുര അണയിൽ 771.6 ഉം എംഎസ്എൽ ആണ് ഇന്നലെ വൈകുന്നേരം ജലനിരപ്പ്. കാരാപ്പുഴയുടെ അണയുടെ മൂന്നു ഷട്ടറുകൾ ഇന്നലെ മൂന്നു വീതം സെന്റിമീറ്റർ ഉയർത്തി. ബാണാസുര അണയുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും. അധികൃതർ പ്രദേശവാസികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.  ജില്ലയിൽ വിവിധ ഭാഗങ്ങളിലായി 167 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 5678 കുടുംബങ്ങളിലെ 21,211 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. മഴയിൽ ജില്ലയിൽ കനത്ത തോതിൽ കൃഷിനാശം ഉണ്ടായി. 2000 ഹെക്ടറിൽ നെൽകൃഷിയും 350 ഹെക്ടറിൽ വാഴക്കൃഷിയും നശിച്ചതായാണ് ഏകദേശ കണക്ക്. പടിഞ്ഞാറത്തറ നരിപ്പാറയിൽ വ്യാഴാഴ്ച രാത്രി  ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. കാപ്പിക്കളത്തു വീണ്ടും മണ്ണിടിഞ്ഞു. തൊണ്ടർനാട് വില്ലേജിലെ മണിച്ചുവടിൽ മണ്ണിടിച്ചിൽ ഉണ്ടായി. എട്ടു കുടുംബങ്ങളെ ഇവിടെനിന്നു മാറ്റി. മടക്കിമല സഹകരണ ബാങ്കിനു സമീപം മണ്ണിടിഞ്ഞു മൂന്നു വീടുകൾക്കു കേടുപറ്റി. ബാവലി തോണിക്കടവിനു സമീപം ഒഴുക്കിൽപെട്ട നാലു പേരെ രക്ഷപ്പെടുത്തി. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സാന്നിധ്യത്തിൽ കലക്ടറേറ്റിൽ  ദുരിതാശ്വാസ അവലോകന യോഗം ചേർന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇന്നു ജില്ലയിൽ എത്തും. 
മേപ്പാടി പച്ചക്കാട് ഉരുൾപൊട്ടിയതിനെത്തുടർന്നു മണ്ണിനടിയിലായ പുത്തുമലയിലും സമീപങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. ഇന്നലെ വൈകിട്ടോടെ  പ്രദേശത്തെ 450 ഓളം പേരെ  ആംബുലസൻസുകളിലും മറ്റു വാഹനങ്ങളിലുമായി മേപ്പാടി ഗവ.ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. മേപ്പാടിയിൽനിന്നു പുത്തുമലയിലേക്കുള്ള റോഡിൽ കള്ളാടിയിലും പുത്തുമലയിലും അടക്കം മണ്ണിടിഞ്ഞുണ്ടായ റോഡ് തടസ്സം ഭാഗികമായി നീക്കി. 

 

Latest News