കോഴിക്കോട് - ബേപ്പൂരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യത തെളിയുന്നു. 250 മുതൽ 300 വരെ യാത്രക്കാരെ ഉൾക്കൊള്ളുന്ന ഹൈ സ്പീഡ് കപ്പലായിരിക്കും ഇതിനായി ഉപോയോഗിക്കുക.
ആഘോഷ, അവധി ദിവസങ്ങളിൽ വിമാന കമ്പനികൾ അടിച്ചേൽപിക്കുന്ന അമിത നിരക്കിന് അറുതി വരുത്താൻ ഒരു പക്ഷേ ഇതുകൊണ്ടു സാധിച്ചേക്കും. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ്, മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ പോർട്ട് ഓഫീസിൽ വെച്ച് പോർട്ട് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് പുരോഗതി.
നിലവിൽ ലക്ഷദ്വീപിലേക്കു യാത്ര നടത്തുന്ന എം.വി കോറൽസ്, എം.വി ലഗൂൺ എന്നീ കപ്പലുകളിൽ ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്. ഈ കപ്പലുകളുടെ സേവനം യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉപയോഗപ്പെടുത്തിയിരുന്നു. ഗോവയിൽനിന്ന് സ്വകാര്യ മേഖലയിലുള്ള കപ്പൽ കമ്പനികൾ സർവീസ് നടത്താനായി രംഗത്ത് വന്നിട്ടുണ്ട്. എമിഗ്രേഷൻ ചെയ്യാനുള്ള എഫ് ആർ ആർ ഒ (ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ റീജനൽ ഓഫീസ്), കസ്റ്റംസിന്റെ ഇ ഡി ഐ (ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ച്) എന്നീ സൗകര്യങ്ങൾ നിലവിൽ ബേപ്പൂരിൽ ഉണ്ട്.
പോർട്ട് ഓഫീസിൽ നടന്ന ചർച്ചയിൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, അസി പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് നായർ, ഇൻലാൻഡ് നാവിഗേഷൻ മാനേജർ മൂസ അനസ്, എഫ് ആർ ആർ ഓ പയസ് സി പോൾ, കസ്റ്റംസ് സൂപ്രണ്ട് പ്രകാശ് ഗുപ്തൻ, ചേംബർ ഭാരവാഹികളായ മുൻഷിദ് അലി, ഷെവലിയർ ചാക്കുണ്ണി, ശംസുദ്ദീൻ മുണ്ടോളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.