തിരുവനന്തപുരം- മാധ്യമ പ്രവർത്തകൻ മരിച്ച അപകടത്തിൽ താനാണ് കാർ ഓടിച്ചിരുന്നതെന്ന് ശ്രീ റാം വെങ്കട്ടരാമൻ സമ്മതിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് ശ്രീറാം വാഹനം ഡ്രൈവ് ചെയ്ത കാര്യം സമ്മതിച്ചത്. എന്നാൽ താൻ അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് ഓർമയില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തിന് മൊഴി നൽകി. ശ്രീറാമിന്റെ വിരലടയാളം അന്വേഷണ സംഘം ശേഖരിച്ചു. കൈക്ക് പരിക്ക് പറ്റിയതിനാൽ നേരത്തേ വിരലടയാളം എടുക്കാൻ ശ്രീറാം സമ്മതിച്ചിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോേളജിൽ കഴിയുന്ന ശ്രീറാമിനെ അവിടെയെത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും നർകോട്ടിക് സെൽ അസി. കമ്മീഷണറുമായ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള മൊഴി എടുത്തത്. കാറിൽ ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
ശ്രീറാം അപകട സമയത്ത് മദ്യപിച്ചിരുന്നതായി കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് മൊഴി നൽകി. ശ്രീറാം വെങ്കട്ടരാമൻ രാത്രി തനിക്കയച്ച വാട്‌സ്ആപ് സന്ദേശത്തെ തുടർന്നാണ് കാറുമായി താൻ കവടിയാറിൽ എത്തിയത്. രാത്രി 12.30 ന് ശേഷമാണ് വാട്‌സ്ആപിൽ ശ്രീറാമിന്റെ സന്ദേശമെത്തിയത്. ശ്രീറാമിനെ കാറിൽ കയറ്റിയ സമയത്ത് താനായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. കാർ കുറച്ചു ദൂരം മുന്നോട്ട് പോയതോടെ താൻ വാഹമോടിക്കാമെന്ന് ശ്രീറാം പറഞ്ഞു. ഇതനുസരിച്ച് താൻ ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറി. ശ്രീറാം വാഹനം ഓടിച്ച ശേഷം മിനിറ്റുകൾക്കുള്ളിൽ അപകടമുണ്ടാവുകയായിരുന്നുവെന്ന് വഫ മൊഴി നൽകി. അമിത വേഗത്തിലാണ് ശ്രീറാം കാർ ഓടിച്ചിരുന്നത്. അപകടമുണ്ടായ ശേഷം ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രീറാമും താനും ശ്രമം നടത്തിയിരുന്നതായും വഫ മൊഴി നൽകി.
വഫ താമസിക്കുന്ന പട്ടം മരപ്പാലത്തെ ഫ്‌ളാറ്റിലെത്തിയാണ് അന്വേഷണ സംഘം അവരുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം കാറോടിച്ചത് ആരാണെന്ന കാര്യത്തിൽ ആശങ്കയുളവാക്കുന്ന വിവരങ്ങളാണ് ഹൈക്കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ ശ്രീറാമിൽ നിന്നും ശേഖരിച്ച വിരലടയാളം കാറിൽ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങളുമായി ഒത്തുനോക്കിയാൽ ഇക്കാര്യത്തിലെ യാഥാർഥ്യം വെളിവാകും.