Sorry, you need to enable JavaScript to visit this website.

ഹാജിമാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ 503 ട്രക്കുകള്‍; മൊത്തം 2073 ഔട്ട്‌ലെറ്റുകള്‍

മക്ക - ഹജ് ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്നതിന് 2073 ഔട്ട്‌ലറ്റുകൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം ലൈസൻസ് നൽകി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന 503 ട്രക്കുകൾക്ക് പ്രത്യേക സ്ഥലങ്ങൾ മന്ത്രാലയം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. 


ഭക്ഷ്യവസ്തുക്കളും മിനറൽ വാട്ടറും ജ്യൂസുകളും മറ്റു പാനീയങ്ങളും വിൽപന നടത്തുന്നതിന് മൊബൈൽ ഔട്ട്‌ലറ്റുകളെന്നോണം പ്രവർത്തിക്കുന്നതിന് 1187 വാഹനങ്ങൾക്കും ലൈസൻസ് നൽകിയിട്ടുണ്ട്. കൂടാതെ 383 വ്യാപാര സ്ഥാപനങ്ങളുടെയും മൊബൈൽ റെസ്റ്റോറന്റുകളായ ഫുഡ് ട്രക്കുകളുടെയും പ്രവർത്തനവും വാണിജ്യ, നിക്ഷേപ മന്ത്രാലയം നിരീക്ഷിക്കുന്നു. 


ഔട്ട്‌ലറ്റുകൾ വഴി വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും കാലാവധിയും വിലകളും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ ഫീൽഡ് സംഘങ്ങൾ നിരീക്ഷിക്കുന്നുണ്ട്. 


പുണ്യസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലറ്റുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെയും വീഴ്ചകളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഉപയോക്താക്കൾ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.  

 

Latest News