ജിദ്ദ- കനത്ത മഴയില്‍ റണ്‍വേ വെള്ളത്തിലായതിനെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മൂന്നു മണിവരെ അടച്ചിട്ടതിനാല്‍ നൂറുകണക്കിനു യാത്രക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ വിമാനത്തവാളങ്ങളില്‍ കുടുങ്ങി. പെരുന്നാള്‍ ആഘോഷിക്കുന്നതിനും അവധി ദിനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും അമിത നിരക്ക് നല്‍കി ടിക്കറ്റെടുത്താണ് യാത്രക്കാര്‍ നാട്ടിലേക്ക് പോകാന്‍ വിമാനത്താവളങ്ങളിലെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായുള്ള സര്‍വീസ് റദ്ദാക്കല്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരെ വലച്ചു.
ജിദ്ദ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3.05ന് പുറപ്പെടേണ്ടിയിരുന്ന സൗദിയ വിമാനത്തിലെ മുന്നൂറിലേറെ യാത്രക്കാര്‍ക്ക് ഒരു ദിവസത്തോളം വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നു. ബോര്‍ഡിംഗ്, എമിഗ്രേഷന്‍, സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍വീസ് റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചത്. അതിനാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാതെ വിമാനത്താവളത്തിനകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനും ബഹളങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇവര്‍ക്ക് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കോഴിക്കോട്ടേക്കു യാത്ര തരപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ 2.45ന് കൊച്ചിയിലേക്ക് പോകേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം അന്നു രാവിലെ ഏഴു മണിക്കായിരിക്കും പുറപ്പെടുകയെന്ന് സൗദിയ യാത്രക്കാരെ അറിയിച്ചു. ഉച്ചക്കു ശേഷം 3.35ന് കൊച്ചിയിലെത്തും.
ദുബായ് ഉള്‍പ്പെടെ യു.എ.ഇയിലെ വിമാനത്താവളങ്ങളിലും നൂറുകണക്കിനുപേര്‍ കുടുങ്ങി. പലര്‍ക്കും യാത്ര റദ്ദാക്കേണ്ടി വന്നു. ഭീമമായ തുക നല്‍കിയാണ് അധികപേരും ടിക്കറ്റ് എടുത്തിരുന്നത്. ഇതുമൂലം വന്‍ നഷ്ടമാണ് യാത്രക്കാര്‍ക്കുണ്ടായത്. എയര്‍ ഇന്ത്യയില്‍നിന്ന് നേരിട്ട് ടിക്കറ്റെടുത്തവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ദുബായിലെ എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നു. പക്ഷേ, പകരം സംവിധാനവും ടിക്കറ്റും ലഭ്യമാകുന്നതിന് മണിക്കൂറുകളുടെ കാത്തിരിപ്പു വേണ്ടിവന്നു. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ. സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെയും കൊ ച്ചിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ എമിറേറ്റ്‌സിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളിലും നൂറുകണക്കിനു യാത്രക്കാരുടെ യാത്രയാണ് പ്രതിസന്ധിയിലായത്.
കൊച്ചിയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോരേണ്ടിയിരുന്നവരും കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ മൂന്നു ദിവസത്തേക്ക് സര്‍വീസ് ഇല്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചതോടെ പലര്‍ക്കും യാത്ര റദ്ദാക്കുകയോ മറ്റു വഴികള്‍ തേടുകയോ വേണ്ടിവന്നു.