മഞ്ചേരി-ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീട് തകർന്നു ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. എടവണ്ണ കുണ്ടുതോട് ചളിപ്പാടം റോഡിൽ കുട്ടശേരി മുഹമ്മദിന്റെ മകൻ യൂനുസ്ബാബു (40), ഭാര്യ നുസ്‌റത്ത് (35), മക്കളായ ഫാത്തിമ സന(10), മുഹമ്മദ് ഷാനിൽ (ഏഴ്) എന്നിവരാണ് മരിച്ചത്. മറ്റു മക്കളായ മുഹമ്മദ് ഷാമിൽ (15), മുഹമ്മദ് ഷഹീം (13) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. പ്രളയത്തെ തുടർന്നു ചാലിയാർ പുഴ കരകവിഞ്ഞു ഇവരുടേതടക്കം നിരവധി വീടുകളിൽ വ്യാഴാഴ്ച രാത്രി തന്നെ വെള്ളം കയറിയിരുന്നു. പ്രദേശത്തെ 25 കുടുംബാംഗങ്ങളെ യൂനുസിന്റെ വണ്ടൂർ പുളിക്കലിലെ അമ്മാവന്റെ മകൻ മുനീറിന്റെ വീട്ടിലേക്കു മാറ്റി പാർപ്പിച്ചിരുന്നു. യൂനുസ് ബാബുവിനോടു കുടുംബത്തോടൊപ്പം ഇങ്ങോട്ടു മാറാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. എന്നാൽ നാലു മക്കളെ യൂനുസ്ബാബു തന്റെ പിതൃസഹോദര പുത്രനായ തുഫൈലിന്റെ വീട്ടിലേക്കു മാറ്റി.
ഇതിനിടെ വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു തങ്ങളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകൾ എടുക്കുവാൻ വീട്ടിലേക്കു തിരിച്ചെത്തിയതായിരുന്നു കുട്ടികൾ. ഇവിടെ നിന്നു കുടുംബം ഒന്നിച്ചു പുതുതായി പണിതുകൊണ്ടിരിക്കുന്ന വീടിനു മുകളിലെ നിലയിൽ കയറിയതായിരുന്നു. ഈ സമയം നിലംപൊത്തിയ വീടിനുള്ളിൽ അകപ്പെട്ടാണ് നാലു പേരുടെയും ദാരുണാന്ത്യം. മഞ്ചേരിയിൽ പരേതനായ ചെറാട്ടുതൊടിക ഉമ്മറിന്റെ മകളാണ് മരിച്ച നുസ്‌റത്ത്. നുസ്‌റത്തിന്റെ സഹോദരങ്ങൾ: ജസീന മുള്ളമ്പാറ, ബജീന നടുവത്ത്, റജീന മണ്ണാർക്കാട്. സുബൈദയാണ് മരിച്ച യൂനുസ് ബാബുവിന്റെ മാതാവ്. മരിച്ച മുഹമ്മദ് ഷാനിൽ എരഞ്ഞിക്കോട് ജിഎംഎൽപി സ്‌കൂൾ രണ്ടാം ക്ലാസിലും ഫാത്തിമ സന കുണ്ടുതോട് എഎംഎയുപി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്.