ദമാം- എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് യാത്രക്കാർ ദമാം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കുടുങ്ങി. ഇതേ തുടർന്ന് ഇന്നുച്ചക്ക് രണ്ടു മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാർ വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്. കോഴിക്കോട് നിന്നും വിമാനം എത്തിച്ചേരുന്നതിലെ കാലതാമസമാണ് യാത്ര അനിശ്ചിതമായി വൈകാൻ കാരണം. കോഴിക്കോട് നിന്നും വിമാനം എത്തിച്ചേരുന്നതോടെ രാത്രി 11 മണിയോടെ ഇവിടെ നിന്നും പോകാൻ കഴിയുമെന്ന മറുപടിയാണ് അധികൃതർ ഏറ്റവും ഒടുവിൽ നൽകുന്നത്.
ഇന്നുച്ചക്ക് രണ്ടു മണിക്ക് ദമാമിൽ നിന്നും പുറപ്പെട്ട് രാത്രി ഒൻപത് മണിയോടെ കോഴിക്കോട് ഇറങ്ങേണ്ട വിമാനത്തിലെ യാത്രക്കാരാണ് മണിക്കൂറുകളായി ദമാം വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്. പെരുന്നാൾ ആഘോഷിക്കാനായി പോകുന്നവരാണ് ഏറെയും. കുടുംബ സമേതം പോകുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുമെന്ന വിവരമുണ്ടായതിനെ തുടർന്ന് വിമാന അധികൃതർ ഇവർക്ക് ബോർഡിങ് പാസ് നൽകിയിരുന്നില്ല. കോഴിക്കോട് നിന്നും ദമാമിലേക്ക് പുറപ്പെടേണ്ട വിമാനം കനത്ത മഴയെ തുടർന്ന് ക്യാബിൻ ക്രൂ എത്താൻ കഴിയാത്തതിനെ തുടർന്നാണ് അനിശ്ചിതമായി വൈകുന്നതെന്നാണ് വിവരം. ഇതാണ് ദമാം യാത്രക്കാരുടെ യാത്ര വൈകാൻ കാരണം. ദമാമിൽ കുടുങ്ങിയ യാത്രക്കാർക്ക് കൃത്യമായ മറുപടി നൽകാൻ വിമാന അധികൃതർക്ക് കഴിഞ്ഞിട്ടില്ല.