കോഴിക്കോട്- വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ വ്യാഴാഴ്ച ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും കുട്ടിയുടേയും മൃതദഹേമാണ് ലഭിച്ചത്. ഒരു പുരുഷന്‍ തമിഴ്‌നാട് സ്വദേശിയാണ്. ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.
ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവഴികളുടെയും തീരത്തുള്ളവരെയാണ് മാറ്റുന്നത്. മാവൂര്‍, പെരുവയല്‍, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിലെ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.