കൊണ്ടോട്ടി - കനത്ത മഴയിൽ ചാലിയാർ കരകവിഞ്ഞതോടെ വാഴക്കാട്, വാഴയൂർ, ചീക്കോട് പഞ്ചായത്തുകളിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. എടവണ്ണപ്പാറയിൽ-കോഴിക്കോട്-അരീക്കോട് റോഡ് വെളളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. പല പ്രദേശങ്ങളും ഒറ്റപ്പെട്ടതോടെ കുടംബങ്ങൾ വീടൊഴിഞ്ഞു തുടങ്ങി. ദുരന്ത നിവാരണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വാഴക്കാട്, പണിക്കരപ്പുറായ എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. എടവണ്ണപ്പാറ സി.എച്ച് സ്‌കൂൾ, വാഴക്കാട് ഗവ.സ്‌കൂൾ, ഇടശ്ശേരിക്കുന്ന് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
രണ്ട് ദിവസമായി ചാലിയാറിലെ വെള്ളം ക്രമാതീതമായി ഉയർന്നതിനാലാണ് പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയിലായത്. വാഴക്കാട് പഞ്ചായത്തിലാണ് ദുരിതങ്ങളേറെയുളളത്. മേഖലയിലെ എഴുപത്തിയഞ്ചോളം പ്രാദേശിക റോഡുകളും വെള്ളത്തിനടിയിലാണ്. സംസ്ഥാന പാതയിലെ വാലില്ലാപ്പുഴ, ചീനീ ബസാർ, വാഴക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയിതിനാൽ ഇന്നലെ രാവിലെ മുതൽ തന്നെ എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഗതാഗതം സ്തംഭിച്ചു. വൈകുന്നേരത്തോടെ സംസ്ഥാന പാതയിലെ കല്ലിട്ടപ്പാലം, എടശ്ശേരിക്കടവ് എന്നിവിടങ്ങളിലും വെള്ളം കയറി. എടവണ്ണപ്പാറയിൽ നിന്നും അരീക്കോട്ടേക്കുള്ള ഗതാഗതവും സ്തംഭിച്ചത് പ്രദേശവാസികളെ തീർത്തും ദുരിതത്തിലാക്കി.
ദുരന്ത നിവാരണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വാഴക്കാട് പ്രത്യേക യോഗം ചേർന്നു. തുടർന്ന് കൺട്രോൾ റൂമുകൾ തുറന്നു. ചീക്കോട് പഞ്ചായത്തിലെ പൂങ്കുടി വിളയിൽ റോഡ്, വാവൂർ പറപ്പൂർ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. മാങ്കടവ്, കുനിത്തലക്കടവ് പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സർക്കാർ സംവിധാനങ്ങളും, സന്നദ്ധ സേവകരും സഹായവുമായി രംഗത്തുണ്ട്.
വാഴയൂരിലും താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി. വാഴയൂർ പുഞ്ചപ്പാടം, ഇയ്യിത്തിങ്കൽ, ചുങ്കംപളളി, തിരുത്തിയാട്, അത്താണിക്കൽ, പൊന്നേംപാടം, വടക്കുമ്പാടം, കാടേപ്പാടം, അഴിഞ്ഞിലം എന്നീ ഭാഗങ്ങളിൽ വെളളം കയറി. പ്രദേശത്തെ 25 ഓളം കുടംബങ്ങൾ വീടൊഴിഞ്ഞ് സമീപ വീടുകളിലേക്ക് മാറി. വൈദ്യുതിയില്ലാത്തതിനാൽ പ്രദേശം ഇരുട്ടിലാണ്. വാഴക്കാട് ഫാറൂഖ് കോളേജ് റോഡിൽ പുഞ്ചപ്പാടം, കോട്ടുപാടം, അഴിഞ്ഞിലം ഭാഗങ്ങളിൽ വെളളം കയറി. കാരാട് മൂളപ്പുറം റോഡ്, തിരുത്തിയാട് കക്കോവ് റോഡ്, പൊന്നേപാടം-കോട്ടുപാടം റോഡ്, കാരാട്-പുതുക്കോട് റോഡ്,പടുവിൽ താഴം-അരീക്കുന്ന് റോഡ് എന്നിവയല്ലാം വെള്ളത്തിനടിയിലാണ്. പഞ്ചായത്ത്,റവന്യൂ,വിഭാഗവും ജനങ്ങളും ജാഗ്രതയിലാണ്.