കോഴിക്കോട് - ശക്തമായ കാറ്റിൽ നഗരത്തിൽ വ്യാപക നാശനഷ്ടം. കല്ലായ് റോഡിലെ വുഡ്ഡീസ് ഹോട്ടലിലെ ഹോർഡിംഗിന്റെ തൂണുകൾ മീറ്ററുകളോളം പറന്ന് ചാലപ്പുറം ഗണപത് ബോയ്‌സ് ഹൈസ്‌കൂളിന് മുകളിലേക്ക് വീണു. രണ്ട് തൂണുകളാണ് പറന്ന് വീണത്. ഇതിൽ ഒരു തൂണ് ക്ലാസ് റൂമിലേക്ക് വീണ് ബെഞ്ചും ഡെസ്‌കും ചുവരുകളും തകർന്നു. അഞ്ച്, ആറ് ക്ലാസ് മുറികളുടെ ഭിത്തിയും തകർന്നു. ഒരു തൂണ് വരാന്തയിലേക്കാണ് വീണത്. സ്‌കൂൾ അവധിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് ഹോർഡിംഗ് തകർന്ന് വീണത്. നഗരത്തിൽ പത്തിലേറെ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതവും തടസ്സപ്പെട്ടു. പുതിയങ്ങാടി, സൗത്ത് ബീച്ച്, പുതിയാപ്പ, ചാലപ്പുറം, റാംമോഹൻ റോഡ്, സി.എച്ച് മേൽപാലത്തിന് താഴെ, എ.ജി റോഡ്, ടാഗോർ ഹാളിന് മുൻവശം, നാലാം ഗേറ്റ് എന്നിവിടങ്ങളിലാണ് മരം വീണത്. ഇതേത്തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
റാംമോഹൻ റോഡിൽ പൂതേരി ക്വാർട്ടേഴ്‌സിനു മുന്നിലെ കൂറ്റൻ മരമാണ് കടപുഴകി വീണത്. ഇന്നലെ ഒൻപതരയോടെയാണ് സംഭവം. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബീച്ച് സ്‌റ്റേഷനിൽ നിന്ന് ഫയർ ഫോഴ്‌സെത്തിയാണ് മരം മുറിച്ചു മാറ്റിയത്. പല സ്ഥലങ്ങളിലും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി എത്തുന്നുണ്ടെന്നും ബീച്ച് സ്‌റ്റേഷൻ ഓഫീസർ പാനോത്ത് അജിത് കുമാർ അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കോഴിക്കോട് മാവൂർ റോഡ്, പുതിയ ബസ് സ്റ്റാൻഡ്, സ്‌റ്റേഡിയം പരിസരം, പൂതേരി ക്വാർട്ടേഴ്‌സ് എന്നീ ഭാഗങ്ങളിലെല്ലാം വെള്ളം കയറി. ഈ ഭാഗങ്ങളിൽ വെള്ളം കയറി സമീപത്തെ കടകളൊന്നും തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. പാവമണി റോഡിലും വെള്ളം കെട്ടിക്കിടക്കുകയാണ്. മാവൂർ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. കാൽനട യാത്രക്കാർക്ക് പോലും ഇതുവഴി പോവാൻ സാധിക്കാത്ത സ്ഥിതിയാണ്.
മാവൂർ റോഡ് നന്തിലത്ത് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി എത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർക്കും ഇന്നലെയും അനേകം പൂഴിച്ചക്കുകളാണ് ഓവുചാലിൽ നിന്ന് ലഭിച്ചത്. നിർമാണ സമയത്ത് വെള്ളം കയറുന്നതിന് തടസ്സമായി വെച്ച പൂഴിച്ചാക്കുകൾ എടുത്തുമാറ്റാതെ കരാറുകാർ സ്ലാബ് എടുത്തിടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മാവൂർ റോഡിലെ പല ഓവുചാലുകളും ഇന്നലെ ഇങ്ങനെയുള്ള പൂഴിച്ചചാക്കുകൾ എടുത്തു മാറ്റിയതിനു ശേഷമാണ് വെള്ളം കടന്നുപോകുവാൻ തുടങ്ങിയതെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.