കൽപറ്റ- മേപ്പാടി പുത്തുമല പച്ചക്കാട്ടിൽ ഉരുൾ പൊട്ടി നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. ചിലരെ കാണാതായതായും അഭ്യൂഹമുണ്ട്. രണ്ടു എസ്റ്റേറ്റു പാടിയും പള്ളിയും അമ്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് ഉരുൾപൊട്ടിയത്. ദൃശ്യങ്ങൾ പ്രദേശവാസി സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു സഹായം അഭ്യർഥിച്ചതിനെതിനെത്തുടർന്നാണ് സംഭവത്തിന്റെ രൂക്ഷത പുറത്തറിഞ്ഞത്. രാത്രിയോടെ പ്രദേശത്തു രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയോ കണ്ണൂർ ടെറിറ്റോറിയൽ ആർമിയോ ഇന്നു എത്തിയാലുടൻ പുത്തുമലയിൽ രക്ഷാപ്രവർത്തനത്തിനു നിയോഗിക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ഇരു വിഭാഗത്തിന്റെയും സേവനം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്.
മേപ്പാടി-ചുരൽമല റോഡിൽ കള്ളാടിക്കു അപ്പുറത്തുള്ള മുണ്ടക്കൈ, ഏലവയൽ, അട്ടമല, നീലിക്കാപ്പ് പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മേപ്പാടി-ചൂരൽമല റോഡിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.