Sorry, you need to enable JavaScript to visit this website.

സുഷമ സ്വരാജ്, നിങ്ങളെന്നും പ്രവാസികളുടെ ഓര്‍മയിലുണ്ടാകും

ദുബായ്- സുഷമ സ്വരാജ് ഓര്‍മയിലേക്ക് മറയുമ്പോള്‍, പ്രവാസികള്‍ക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് ഇല്ലാതാകുന്നത്. എല്ലാ അര്‍ഥത്തിലും പ്രവാസികളുടെ പ്രിയങ്കരിയായ വിദേശമന്ത്രിയായിരുന്നു അഞ്ചുവര്‍ഷം വകുപ്പ് കൈകാര്യം ചെയ്ത സുഷമാ സ്വരാജ്.
പ്രവാസികളുമായും അവരുടെ പ്രശ്‌നങ്ങളുമായും ബന്ധം സ്ഥാപിക്കാന്‍ ട്വിറ്റര്‍ ആയിരുന്നു അവരുടെ ആയുധം. ചെറുസന്ദേശംപോലും നടപടിക്കുള്ള നിവേദനമായി അവര്‍ സ്വീകരിച്ചു.  വിദേശ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നയതന്ത്രങ്ങള്‍ക്ക് അടിസ്ഥാനമിട്ടതും സുഷമാ സ്വരാജ് ആയിരുന്നു.

പ്രവാസികളുടെ വിഷയം കൈകാര്യംചെയ്യാന്‍ പ്രവാസികാര്യവകുപ്പും വിദേശകാര്യം നോക്കാന്‍ വിദേശകാര്യവകുപ്പും ഉണ്ടായിരുന്ന സംവിധാനം മോഡി അധികാരത്തില്‍ വന്നതോടെ തിരുത്തി. പ്രവാസികാര്യ വകുപ്പിനെ വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ച മോഡി സര്‍ക്കാരിന്റെ നടപടി  പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചെങ്കിലും ആ എതിര്‍പ്പ് ഇല്ലാതായത് സുഷമയുടെ നടപടികളിലൂടെ ആയിരുന്നു.

ഇറാഖിലെ നഴ്‌സുമാരെ സുരക്ഷിതരായി തിരികെയെത്തിക്കാന്‍ അവര്‍ നടത്തിയ കഠിനശ്രമങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപോലും എടുത്തുപറഞ്ഞിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ടേക്ക് ഓഫ് എന്ന സിനിമയെടുത്ത ആന്റോ ആന്റണി സുഷമയുടെ പേര് ആദ്യം എഴുതിക്കാണിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ട കാര്യം ഓര്‍മിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലുള്ളവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും സുഷമ ആത്മാര്‍ഥതയോടെയാണ്  കൈകാര്യം ചെയ്തത്. പഴയ പ്രവാസികാര്യ വകുപ്പ് ഇല്ലാതാക്കിയതുപോലും അതോടെ എല്ലാവരും മറന്നു.

നയതന്ത്ര യാത്രകള്‍ക്കിടയില്‍പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവര്‍ സമയം കണ്ടെത്തി. ചൊവ്വയില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടായാലും ഇന്ത്യന്‍ എംബസി ഇടപെടുമെന്ന സുഷമയുടെ വിഖ്യതമായ ട്വീറ്റ് ഈ ആത്മാര്‍ഥത വിളംബരം ചെയ്യുന്നതായിരുന്നു.

ശമ്പളവും ഭക്ഷണവും ഇല്ലാതെ യു.എ.ഇ.കടലില്‍ ഉടമകള്‍ ഉപേക്ഷിച്ച കപ്പലുകളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് സുരക്ഷിതമായ രീതിയില്‍ പുനരധിവാസം ഉറപ്പിക്കാനും സുഷമ നടത്തിയ ശ്രമങ്ങള്‍ ഏറെ വലുതായിരുന്നു. തനിക്ക് ലഭിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ സന്ദേശങ്ങള്‍പോലും പെട്ടെന്നുതന്നെ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ മുന്നിട്ടിറങ്ങി.

സുഷമാ സ്വരാജിന്റെ വിയോഗത്തില്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ. യൂസഫലി അനുശോചിച്ചു. സ്‌നേഹപൂര്‍വം താന്‍ സുഷമാജി എന്നു വിളിക്കുന്ന അവരുടെ വിയോഗം ഞെട്ടലോടെയാണ് കേട്ടത്. കണ്ടുമുട്ടുമ്പോഴും യൂസഫ് ഭായ് എന്ന് അഭിസംബോധന ചെയ്യാറുള്ള അവര്‍ തന്നെ ഒരു സഹോദരനെപ്പോലെ പരിഗണിച്ചു. സുഷമാജി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ഇന്ത്യാ ഡവലപ്‌മെന്റ് ഫൗണ്ടേഷനില്‍ താന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനത്തിനിടെ, സുഷമാജിക്കൊപ്പം ഔദ്യോഗിക പരിപാടിയിലും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ഒരുക്കിയ പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നും യൂസഫലി അനുസ്മരിച്ചു. സുഷമാ സ്വരാജിന്റെ വിയോഗം രാജ്യത്തിന് കനത്ത നഷ്ടമാണെന്നും അവര്‍ക്ക് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ഥിക്കുകയാണെന്നും എം.എ. യൂസഫലി കൂട്ടിച്ചേര്‍ത്തു.

നിരവധി പ്രവാസി സംഘടനകള്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

 

 

Latest News