മദീന- പ്രവാചക നഗരിയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഹാജിമാരെ പ്രത്യേകം സജ്ജീകരിച്ച ആംബുലൻസുകളിൽ ആരോഗ്യ മന്ത്രാലയം ഇന്ന് മക്കയിലെത്തിക്കും. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെയാണ് തീർഥാടകരെ മക്കയിലെത്തിക്കുക. മദീന ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഹാജിമാരുടെ ആദ്യ സംഘത്തെയാണ് ഇന്ന് രാവിലെ മക്കയിലെത്തിക്കുക. രണ്ടാമത്തെ സംഘത്തെ ദുൽഹജ് എട്ടിന് മക്കയിലെത്തിക്കും. ഹജ് കർമം നഷ്ടപ്പെടാതെ നോക്കുന്നതിനാണ് തീർഥാടകരെ മദീനയിലെ ആശുപത്രികളിൽനിന്ന് മക്കയിലെത്തിക്കുന്നത്. ആരോഗ്യനില അനുവദിക്കുന്നവരെ മാത്രമാണ് ഇങ്ങനെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലൻസുകളിൽ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് നീക്കുക.