ദമാം - സൗദിയിലെ തുറമുഖങ്ങളിൽ കൂറ്റൻ ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന മേഖലയിൽ പുരുഷ കുത്തക അവസാനിപ്പിച്ച് സൗദി വനിതകൾ രംഗത്ത്. ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെ ഫസ്റ്റ് കണ്ടെയ്‌നർ ടെർമിനലിൽ റിമോട്ട് കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിപ്പിക്കുന്ന കൂറ്റൻ ക്രെയിനുകൾ കൈകാര്യം ചെയ്യുന്ന മേഖലയിൽ സൗദി വനിതകൾ സേവനം ആരംഭിച്ചിട്ടുണ്ട്. കപ്പലുകളിൽനിന്ന് വാർഫുകളിലേക്കും തിരിച്ചും കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദി വനിതകൾ ലൈസൻസ് നേടിയിട്ടുണ്ട്.
ക്രെയിൻ ഓപറേറ്റിംഗ് മേഖലയിൽ ദീർഘകാലമായി പുരുഷന്മാരുടെ കുത്തകയായിരുന്നു. എന്നാൽ റിമോട്ട് കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കൂറ്റൻ ക്രെയിനുകൾ നിലവിൽ വന്നതോടെ ഈ രംഗത്ത് സ്ത്രീപുരുഷന്മാർക്ക് ഒരുപോലെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായി.
കിംഗ് അബ്ദുൽ അസീസ് തുറമുഖത്തെ ഒന്നാം നമ്പർ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിന്റെ കരാറേറ്റെടുത്ത ഇന്റർനാഷണൽ പോർട്‌സ് സർവീസ്‌സ് കമ്പനിക്കു കീഴിൽ റിമോട്ട് കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിപ്പിക്കുന്ന അഞ്ചു കൂറ്റൻ ക്രെയിനുകളുണ്ട്. 2015 ലാണ് ദമാം തുറമുഖത്ത് റിമോട്ട് കൺട്രോൾ ക്രെയിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. രണ്ടു കിലോമീറ്റർ ദൂരെയുള്ള ഓഫീസിൽ ഇരുന്ന് ഈ ക്രെയിനുകൾ നിയന്ത്രിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സാധിക്കും. ലോകത്ത് വളരെ കുറഞ്ഞ തുറമുഖങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ പെട്ട ക്രെയിനുകൾ ഉപയോഗിക്കുന്നത്. ഈ ക്രെയിനുകളിൽ പരിശീലനം നേടുന്നതിന് വനിതകൾ അടക്കം ഏതാനും സൗദികൾ മുന്നോട്ടു വന്നതായി ഇന്റർനാഷണൽ പോർട്‌സ് സർവീസസ് കമ്പനി അധികൃതർ പറഞ്ഞു. സമുദ്ര ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദി വനിതകൾക്കും അവസരമുണ്ട്. 100 മണിക്കൂർ നീണ്ട പരിശീലന പ്രോഗ്രാം പൂർത്തിയാക്കുകയും കടുത്ത പരീക്ഷകൾ പാസാവുകയും ചെയ്ത സൗദി വനിതകൾക്ക് റിമോട്ട് കൺട്രോൾ ക്രെയിൻ ഓപറേറ്റർ ലൈസൻസ് അനുവദിക്കുകയായിരുന്നു. ലൈസൻസ് ലഭിച്ചതോടെ സൗദി വനിതകൾ ക്രെയിൻ ഓപറേറ്റിംഗ് മേഖലയിൽ ജോലി ആരംഭിച്ചു.
ദമാം തുറഖത്ത് പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പോർട്‌സ് സർവീസസ് കമ്പനിക്കു കീഴിൽ മാത്രമാണ് സൗദിയിൽ റിമോട്ട് കൺട്രോൾ ക്രെയിനുകളുള്ളതെന്ന് കമ്പനി ചെയർമാൻ അഹ്മദ് അൽഅറാദി പറഞ്ഞു. 65 ടൺ വരെ ഭാരം ഉയർത്തുന്നതിന് ശേഷിയുള്ള റിമോട്ട് കൺട്രോൾ ക്രെയിനുകൾക്ക് 44 മീറ്റർ ഉയരമുണ്ട്. ഈ ക്രെയിനുകൾ ഉപയോഗിച്ച് കപ്പലുകളിൽ നിന്ന് ഇറക്കുന്ന കണ്ടെയ്‌നറുകൾ 60 മീറ്റർ വരെ ദൂരത്ത് എത്തിക്കുന്നതിന് സാധിക്കും.