കൊച്ചി - മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കേസ് നൽകിയ ഹരജിക്കാരന് ഹൈക്കോടതിയുടെ അന്ത്യശാസനം. കന്യാകുമാരി സ്വദേശി ഡി. ഫ്രാൻസിസ് വ്യാഴാഴ്ച നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഫ്രാൻസിസിനോട് രേഖകളുമായി ഇന്നലെ ഹാജരാവാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ഫ്രാൻസിസ് ഹാജരായില്ല. അസുഖമാണെന്നും ഹാജരാവാൻ 10 ദിവസം സാവകാശം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കോടതിയിൽ ഹാജരാക്കിയ വിവരാവകാശ രേഖകൾ ഒന്നു പോലും ഫ്രാൻസിസ് അല്ല വാങ്ങിയിട്ടുള്ളതെന്നും ഇങ്ങനെ ഒരാൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിനാവശ്യമായ രേഖകൾ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചത് ഫ്രാൻസിസിന്റെ അഭിഭാഷകനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അഭിഭാഷകനെ ഇതിന് അനുവദിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ വാദം കേൾക്കലിൽ നിർദേശിച്ചിരുന്നു. അനുമതി പത്രത്തിന്റെ ഒറിജിനൽ അഭിഭാഷകൻ വെള്ളിയാഴ്ച ഹാജരാക്കി. ഒറിജിനൽ വിവരാവകാശ നിയമപ്രകാരമുള്ള അതോറിറ്റിയുടെ കൈവശമല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചിരുന്നു. തുടർന്നാണ് ഹരജിക്കാരനോട് നേരിട്ട് ഹാജരാവാൻ നിർദേശിച്ചത്. ആധാർ കാർഡ്, പാസ്‌പോർട്ട്, വോട്ടർ കാർഡ് എന്നിവയുമായാണ് ഹാജരാവേണ്ടത്. അമേരിക്കൻ, ഗൾഫ് യാത്രകളിൽ ചെലവായ വിമാനക്കൂലി മുഖ്യമന്ത്രി പൊതു ഖജനാവിൽ നിന്ന് എഴുതി വാങ്ങിയെന്നാണ് ഹരജിയിലെ ആരോപണം.