മലപ്പുറം- ജില്ലയിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച റെഡ്, അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലിമീറ്റർ കൂടുതൽ മഴക്കുള്ള സാധ്യതയാണുള്ളത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രതപാലിക്കുവാനും ക്യാമ്പുകൾ തയാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ടുദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു സാധ്യത വർധിക്കും. ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ ജാഫർ മലിക് ജില്ലാതല ഉദ്യോഗസ്ഥരോടും തഹസിൽദാൽമാരോടും നിർദേശിച്ചു. താഹസിൽദാർമാർ മുഴുവൻ സമയവും ഹെഡ് ക്വാർട്ടേഴ്‌സിലുണ്ടായിരിക്കണം. സ്ഥിതിഗതികൾ നിരീക്ഷിച്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം.
ഒമ്പതിനു ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർ വരെ മഴ) അതിശക്തമായതോ (115 മില്ലമീറ്റർ മുതൽ 204.5 മില്ലിമീറ്റർ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ടുദേശിക്കുന്നത്. 10 ന് യെലോ അലർട്ടുമാണ്.