കൊച്ചി- മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിച്ച കേസിലെ പ്രതി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ഹൈക്കോടതിയുടെ വിമർശനം. തെളിവ് നശിപ്പിക്കാൻ പോലീസ് കൂട്ടുനിന്നെന്ന് ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പോലീസ് തടഞ്ഞില്ല?, ശ്രീറാമിനെതിരായ തെളിവ് അയാൾ തന്നെ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. ഗവർണർ അടക്കം താമസിക്കുന്നിടത്ത് സി.സി.ടി.വി ഇല്ലെന്ന് എങ്ങിനെ പറയുമെന്നും ഹൈക്കോടതി ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ശ്രീറാം അപകടകരമായ രീതിയിൽ കാറോടിച്ചുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഈ ഭാഗത്ത് എന്തുകൊണ്ട് സി.സി.ടി.വി ഇല്ലെന്നും ചോദിച്ചു. നരഹത്യാക്കുറ്റം നിലനിൽക്കുമെങ്കിലും എന്തിനാണ് ജാമ്യം റദ്ദാക്കേണ്ടതെന്ന് കോടതി ചോദിച്ചു. തുടർന്ന് അപ്പീൽ കോടതി അനുവദിച്ചില്ല. അപ്പീൽ ഇനി വെള്ളിയാഴ്ച പരിഗണിക്കും.